07:07pm 07 November 2026
NEWS
ഡോ. ഹരിഗോവിന്ദ് പി. സി. കുസാറ്റ് രജിസ്ട്രാർ ഇൻ-ചാർജ്
10/09/2026  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ. ഹരിഗോവിന്ദ് പി. സി. കുസാറ്റ് രജിസ്ട്രാർ ഇൻ-ചാർജ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) രജിസ്ട്രാർ ഇൻ-ചാർജായി ഡോ. ഹരിഗോവിന്ദ് പി. സി.യെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. മുൻ രജിസ്ട്രാർ പ്രൊഫ. ഡോ. അരുൺ എ. യു.വിന്റെ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് തീരുമാനം.

കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഫാക്കൽറ്റി അംഗവും മുൻ ഡയറക്ടറുമാണ് ഡോ. ഹരിഗോവിന്ദ്. 2007-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എ. എൽ.എൽ.ബിയും 2009-ൽ കുസാറ്റിൽ നിന്ന് എൽ.എൽ.എമ്മും 2020-ൽ കുസാറ്റിൽ നിന്ന് പിഎച്ച്ഡിയും നേടി. ‘Indian Law on Clinical Trials: A Human Rights Perspective’ എന്ന വിഷയത്തിലായിരുന്നു ഡോക്ടറൽ പ്രബന്ധം.

കോഴിക്കോട്ടെ ഭവൻസ് എൻ. എ. പാൽകിവാല അക്കാദമി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ (ലോ) ആയാണ് അധ്യാപന ജീവിതം ആരംഭിച്ചത്. 2014 ഓഗസ്റ്റിൽ കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ (ലോ) ആയി ചേർന്നു.ക്രിമിനൽ നിയമവും മനുഷ്യാവകാശങ്ങളും, ജൂറിസ്‌പ്രുഡൻസ് ആൻഡ് ലീഗൽ തിയറി, നിയമവും മെഡിക്കൽ എത്തിക്സും, ശാസ്ത്രം, സാങ്കേതികവിദ്യയും മനുഷ്യാവകാശങ്ങളും, സാമൂഹിക പരിവർത്തനവും നിയമവും എന്നിവയാണ് ഗവേഷണ താൽപര്യമേഖലകൾ.

മലപ്പുറം സ്വദേശിയായ ഡോ. ഹരിഗോവിന്ദിന്റെ ഭാര്യ സുചിത്ര എ. പെരുമ്പാവൂർ ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.സീനിയർ റിസർച്ച് ഫെലോഷിപ്പ് വർധിപ്പിച്ചു

കുസാറ്റിലെ സീനിയർ റിസർച്ച് ഫെലോഷിപ്പ് (SRF) പ്രതിമാസം 24,500 രൂപയായി വർധിപ്പിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഓഗസ്റ്റിൽ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗം ഫെലോഷിപ്പ് 22,000 രൂപയിൽ നിന്ന് 24,000 രൂപയായി വർധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ 500 രൂപ കൂടി വർധിപ്പിച്ച് 24,500 രൂപആക്കിയത്.

2027-28 അക്കാദമിക് വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ ഫീസ് വർധനവ് താൽക്കാലികമായി മരവിപ്പിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. പുതിയ കമ്മിറ്റിയെ നിയോഗിച്ച് വിഷയം പഠിച്ചശേഷം കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിച്ച് 2027ലെ ഫീസ് സംബന്ധിച്ച് തീരുമാനമെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img