09:24pm 12 November 2026
NEWS
ദേവരാജന്‍ മാസ്റ്ററുടെ സ്മരണയില്‍ സംഗീത വിരുന്നൊരുക്കി ഡോക്ടര്‍ ഗോപിക
03/02/2026  06:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേവരാജന്‍ മാസ്റ്ററുടെ സ്മരണയില്‍ സംഗീത വിരുന്നൊരുക്കി ഡോക്ടര്‍ ഗോപിക

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ജി. ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മയില്‍ സംഗീത സന്ധ്യ ഒരുക്കി ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിനിയായ ഡോക്ടര്‍ ഗോപിക. ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്റെ (ദേവദാരു) ആഭിമുഖ്യത്തില്‍ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ ആണ് ഗാനസന്ധ്യ നടന്നത്. 'സുന്ദര സ്വപ്നമേ നീ എനിയ്‌ക്കേകിയ, ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും' തുടങ്ങിയ ദേവരാജന്‍ മാസ്റ്ററിന്റെ ഗാനങ്ങള്‍ ആസ്വാദകരുടെ മനം കവര്‍ന്നു..... കളിവീടുറങ്ങിയല്ലോ, നീലരാവില്‍ ഇന്നു നിന്റെ, പനിവിഴും മലര്‍വനം, ഓര്‍ക്കുക വല്ലപ്പോഴും തുടങ്ങിയ മറ്റ് ഗാനങ്ങള്‍ക്ക് പുറമേ, ലതാ മങ്കേഷ്‌ക്കറിന്റെയും ജഗ്ജിത് സിംഗിന്റെയും ഉമ്പായിയുടെ ഗാനങ്ങളും ഗോപിക ആലപിച്ചു. കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലുമെല്ലാം തന്റേതായ രീതിയിലാണ് ഗോപിക സദസ്സില്‍ അവതരിപ്പിച്ചത്.... ഗാനസന്ധ്യയോട് അനുബന്ധിച്ച് പ്രശസ്ത സംവിധായകന്‍ ജയരാജിനെ ചടങ്ങില്‍ ആദരിച്ചു. ദേവരാജന്‍ മാസ്റ്ററുമായി സിനിമ ചെയ്യാന്‍ കഴിയാതെ പോയത് തന്റെ ജീവിതത്തിലെ തീരാ നഷ്ടമാണെന്ന് ജയരാജ് പറഞ്ഞു. ജയരാജ് സംവിധാനം ചെയ്ത രൗദ്രം 2018, ബാക്ക്പാക്കേഴ്‌സ് എന്നീ സിനിമകളിലും ഗോപിക ഇതിനോടകം പാടിയിട്ടുണ്ട്. കുസാറ്റിലെ മുന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിനി ഗോപിനാഥിന്റെയും റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷാജി ടിപിയുടെയും മകളാണ് ഗോപിക. റോയിറ്റേഴ്‌സില്‍ മള്‍ട്ടിമീഡിയ ന്യൂസ് പ്രൊഡ്യൂസറായ നന്ദിനി സഹോദരിയാണ്. കര്‍ണ്ണാടകയിലെ ഗുല്‍ഭര്‍ഗ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ്സ് പൂര്‍ത്തിയാക്കിയ ഗോപിക ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്ത് വരികയാണ്. ദേവരാജന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എ.കെ. താജുദ്ദീന്‍, സെക്രട്ടറി സി.ബി. ഹരി, രക്ഷാധികാരി ഡോക്ടര്‍ വിനയകുമാര്‍, ഗസല്‍ ഗായകനും ദേവരാജന്‍ മാസ്റ്ററിന്റെ ശിഷ്യനുമായ സി.കെ.സാദിഖ്, ഇടപ്പള്ളി സംഗീത സദസ്സിന്റെ സെക്രട്ടറി പി.ആര്‍. നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img