കൊച്ചി: അടുത്ത അധ്യയന വർഷം മുതൽ, പ്രായോഗികവും അനുഭവപരവുമായ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സിബിഎസ്ഇ സ്കൂളുകളിലും കോമ്പോസിറ്റ് സ്കിൽ ലാബ് സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്ന് സിബിഎസ്ഇ (സ്കിൽ എജ്യുക്കേഷൻ & ട്രെയിനിംഗ്) ഡയറക്ടർ ഡോ. ബിശ്വജിത് സാഹ. കൊച്ചിയിൽ നടക്കുന്ന കേരള സഹോദയ കോംപ്ലെക്സുകളുടെ 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസിലും പരിശീലന പരിപാടിയിലും പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിബിഎസ്ഇ സ്കൂളുകളിലും നടപ്പിലാക്കാൻ പോകുന്ന, 6 മുതൽ 8 വരെ ക്ലാസുകളിലെ നൈപുണ്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന കൗശൽ ബോധ് പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തിനുള്ളിൽ ഒന്നിലധികം തൊഴിലുകളിൽ പ്രായോഗിക പരിചയം ലഭിക്കും. ഈ സംരംഭം 11, 12 ക്ലാസുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായി നൈപുണ്യ വിഷയങ്ങൾ ഉൾപ്പെടെ 10 വിഷയങ്ങൾ സിബിഎസ്ഇ സ്കൂളുകൾ 9-ാം ക്ലാസിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.വിവിധ സെഷനുകളിൽ അഡ്വ.നേഹ ത്യാഗി, ഡോ. യതൻ പൽ സിംഗ് ബെൽഹാര, കലൈമാമണി അനിൽ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സി കെ എസ് സി വൈസ് പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു.. ജോ. സെക്രട്ടറിമാരായ ഡയാന ജേക്കബ്, സി സി അനീഷ്കുമാർ എന്നിവർ പങ്കെടുത്തു.. വൈസ് പ്രസിഡന്റ് ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ നന്ദിയും പറഞ്ഞു. .കേരളത്തിലെ വിവിധ സഹോദയ കോംപ്ലെക്സുകളിലെയും സി.ബി.എസ്.ഇ സ്കൂളുകളിലെയും 900-ത്തിലധികം പ്രിൻസിപ്പൽമാർ ഈ കോൺഫറൻസിൽ പങ്കെടുത്തു.








