01:49am 13 November 2026
NEWS
ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി
17/03/2026  11:45 AM IST
nila
ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് കുറ്റക്കാരനെന്ന് വിധിച്ചത്. കേസിലെ ഏകപ്രതിയാണ് സന്ദീപ്. ഇയാൾക്കുള്ള ശിക്ഷ മാർച്ച് 19-ന് വിധിക്കും.

 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന ഡോ. വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയതായിരുന്നു കേസ്. സംഭവം സംസ്ഥാനത്താകെ ആശുപത്രി സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരുന്നു. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതിയായ സന്ദീപിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

വിചാരണ ആരംഭിക്കുമ്പോൾ പ്രതി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. പിന്നീട് മാനസികനില പരിശോധന ഉൾപ്പെടെ നടത്തിയപ്പോൾ വിചാരണയ്ക്ക് തടസ്സമില്ലെന്ന് കണ്ടെത്തി. തുടർന്ന് സാക്ഷിവിസ്താരവും മറ്റ് നടപടികളും പുരോഗമിച്ചു. കേസിൽ 22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയിൽ ഹാജരാക്കി. എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതിലധികം പേർ ഡോക്ടർമാരാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റത്തിനൊപ്പം സാക്ഷികളെ ആക്രമിച്ചതിന് വധശ്രമക്കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img