
തിരുവനന്തപുരം: ഡോ.എസ്.സോമനാഥ് വിരമിക്കുന്നതോടെ ഐഎസ്ആർഒയുടെ ചെയർമാനായി കന്യാകുമാരി സ്വദേശി ഡോ. വി നാരായണൻ എത്തും. ജനുവരി 14നാണ് ഡോ. വി നാരായണൻ ഐഎസ്ആർഒ ചെയർമാനായി സ്ഥാനമേൽക്കുക. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളും ഡോ. വി നാരായണനാകും. നിലവിൽ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ് ഇദ്ദേഹം.
വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി.നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നു. നിറയെ പരിപാടികൾ ഉള്ള സമയത്തതാണ് പുതിയ സ്ഥാനം. എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷത്തേക്കാണ് നിയമനം.
ജി.എസ്.എൽ.വി മാർക്ക് മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്നു വി നാരായണൻ. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പൽഷൻ വിദഗ്ധനാണ് നിയുക്ത ഐഎസ്ആർഒ ചെയർമാൻ.











