
ചവറയെ അഞ്ചു വർഷത്തെയും എംഎൽഎ ഫണ്ട് പൂർണമായും വിനിയോഗിച്ച മണ്ഡലമാക്കി
1977 ൽ ചവറ നിയോജക മണ്ഡലം രൂപീകൃതമായതിനു ശേഷം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എൻ.വിജയൻപിള്ളയുടെ വിജയം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിരുന്നു. പൊതുപ്രവർത്തന രംഗത്ത് അര നൂറ്റാണ്ടുകാലത്തെ പാരമ്പര്യം അദ്ദേഹത്തിന് എംഎൽഎ ആയതിനുശേഷമുള്ള സേവന പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നിരന്തരം ബന്ധപ്പെട്ട് മണ്ഡലത്തിലെ വികസന വിഷയങ്ങളിൽ തീരുമാനപ്പെടുപ്പിക്കുന്നതിന് അദ്ദേഹം ഒരു മടിയും കാണിച്ചിരുന്നില്ല. മരണം വരെയും ചവറ മണ്ഡലത്തിന്റെ സർവതോമുഖമായ വികസനത്തിന് എല്ലാവരുടെയും പ്രിയങ്കരനായ 'എം എൽ എ വിജയണ്ണൻ' യത്‌നിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങളായ കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയവയിൽ കാണിച്ച താൽപര്യവും, ഉണ്ടാക്കിയ നേട്ടങ്ങളും വിജയൻപിള്ളയുടെ സ്മരണയായി എക്കാലവും നിലനിൽക്കും. ജനകീയത അദ്ദേഹത്തെ അവിസ്മരണീയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി 2021 ൽ വിജയിച്ച മകൻ ഡോ.സുജിത്ത് വിജയൻപിള്ള വികസന പ്രവർത്തനത്തിൽ ആയിരം കോടിയുടെ നേട്ടങ്ങളുമായി ചവറ മണ്ഡലത്തിൽ നിലകൊള്ളുന്നു. 2021 ൽ ആർഎസ്പി നേതാവ് ഷിബു ബേബി ജോണിനെക്കാൾ 1096 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച ഡോ.സുജിത്ത് വിജയൻപിള്ള വിജയിച്ചത്. വികസന കാഴ്ചപ്പാട് എം എൽ എ ഫണ്ട് വിനിയോഗത്തിൽ പ്രത്യേകം ദർശിക്കാം. അഞ്ചു വർഷത്തെ എംഎൽഎ ഫണ്ട് പൂർണമായും വിനിയോഗിച്ച ഒരു എംഎൽഎ ഡോ. സുജിത്ത് വിജയൻപിള്ളയല്ലാതെ മറ്റാരുമുണ്ടാകില്ല. സർക്കാരിൽ നിന്നു ലഭിക്കാവുന്ന മുഴുവൻ മേഖലകളിലെയും സഹായങ്ങൾ പുതിയ പദ്ധതികൾക്കായി അദ്ദേഹം ചവറയിലെത്തിച്ചു.
ജനകീയാവശ്യങ്ങൾ പരിഗണിച്ചായിരുന്നു പദ്ധതികൾ തയ്യാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, കെട്ടിടസൗകര്യങ്ങൾ, പാലങ്ങൾ, ഗ്രാമീണ റോഡുകൾ, ജലസേചന സൗകര്യങ്ങൾ, ടൂറിസം മേഖലയുമായി സംയോജിപ്പിച്ചുള്ള പദ്ധതികൾ തുടങ്ങിയവ നടപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് സുജിത്ത് വിജയൻ പിള്ള കൂടിക്കാഴ്ചയിൽ ഈ ലേഖകനോട് പറഞ്ഞു. ചവറ നിയോജക മണ്ഡലത്തിൽ 2021-22 വർഷം മുതൽ 2024 - 2025 വരെയുള്ള കാലയളവിൽ എംഎൽഎ ഫണ്ടിൽ വകയിരുത്തി ഗ്രാമപഞ്ചായത്തിന്റെ ചുമതലയിലുള്ള 57 ഗ്രാമീണ റോഡുകൾക്ക് 10.61 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിൽ 48 റോഡുകളുടെ പണി പൂർത്തീകരിക്കുകയും ഒമ്പതു റോഡുകളുടെ പണി പുരോഗതിയിലുമാണ്. ഗ്രാമീണ റോഡുകൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും ഇത്രയധികം രൂപ വകയിരുത്തിയ മറ്റു മണ്ഡലങ്ങൾ കുറവാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 90 ശതമാനം റോഡുകളുടെയും പണി പൂർത്തീകരിക്കാൻ കഴിഞ്ഞെന്നും സുജിത്ത് വിജയൻപിള്ള ചൂണ്ടിക്കാട്ടി.
ചവറ മണ്ഡലത്തിലുൾപ്പെട്ട കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര എന്നീ പഞ്ചായത്തുകളിലുമാണ് സുജിത്ത് വിജയൻപിള്ളയുടെ എംഎൽഎ ഫണ്ടുകളും, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഫണ്ടുകളും വിനിയോഗിക്കപ്പെട്ടത്. ചവറയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ ആർ ഇ, കെഎംഎംഎൽ എന്നിവയുടെ സി എസ് ആർ ഫണ്ട് വിനിയോഗിച്ചും വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മാരക രോഗങ്ങൾക്ക് വിധേയരായവർക്ക് മുഖ്യമന്ത്രി, പട്ടികജാതി വികസന വകുപ്പുമന്ത്രി, സാമൂഹ്യ നീതി വകുപ്പുമന്ത്രി തുടങ്ങിയവരുടെ ആശ്വാസനിധിയിൽ നിന്നും സഹായമെത്തിച്ചതായും എം എൽ എ അവകാശപ്പെട്ടു. എം എൽ എ ഓഫീസിൽ അപേക്ഷ എത്തിയാൽ 24 മണിക്കൂറിനകം മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓൺലൈനായി എത്തിക്കും. സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ട്, ഏജൻസികളുടെ ഫണ്ട്, എം എൽ എ ഫണ്ട് ഇവയെല്ലാം നിശ്ചിത സമയപരിധിക്കുളിൽ ചെലവഴിക്കാനുള്ള മോനിട്ടറിംഗ് എല്ലാ മാസവും നടത്തി വരുന്നതാണ് എം എൽ എ യുടെ സവിശേഷ പ്രത്യേകതായി ചൂണ്ടികാണിക്കാവുന്നത്.
കൊല്ലം കോർപ്പറേഷനിലെ വിവിധ പാലങ്ങൾക്കായി 26 കോടി 44 ലക്ഷം രൂപയും തെക്കുംഭാഗം പഞ്ചായത്തിൽ 18 കോടി രൂപയും, തേവലക്കര പഞ്ചമായത്തിൽ 20 കോടി രൂപയും, ചവറ പഞ്ചായത്തിൽ 12 കോടി രൂപയും വിവിധ പാലങ്ങൾക്കായി അനുവദിപ്പിക്കാൻ എം എൽ എ യ്ക്കു കഴിഞ്ഞു. മറൈൻ ബയോളജിക്കൽ മ്യൂസിയത്തിനായി 300 കോടി രൂപയാണ് ചവറ മണ്ഡല വികസനത്തിന് ഡോ.സുജിത്ത് വിജയൻ പിള്ള എത്തിച്ചത്. മരുത്തടി ഒഴുക്കുതോടിനു സമീപം അന്തർദേശീയ ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവുമാണ് തയ്യാറാവുന്നത്. ചവറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലും കൊല്ലം കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലുമായി റോഡുകൾക്ക് 82 കോടി രൂപയും, കെട്ടിടങ്ങൾക്കായി 640 കോടിയും ചെലവഴിക്കാൻ കഴിഞ്ഞു. ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾക്കും മറ്റ് വഴി വിളക്കുകൾക്കുമായി രണ്ടു കോടി രൂപയും നൽകാനായി. ഗുരുതരരോഗം ബാധിച്ചവർക്കും മറ്റുമായി ചികിത്സാ ധനസഹായത്തിനായി 10 കോടിയോളം രൂപ മുഖ്യമന്ത്രിയുടെ യും മറ്റു മന്ത്രിമാരുടെയും ദുരിതാശ്വാസനിധിയിൽ നിന്നും നൽകാനും സുജിത്ത് വിജയൻ പിള്ളയ്ക്കു കഴിഞ്ഞു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സി എസ് ആർ ഫണ്ടുകളിൽ നിന്നും വിവിധ സഹായങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ധനസഹായം അനുവദിപ്പിച്ചു വരുന്നു. പത്തുവർഷമായി മുടങ്ങിക്കിട ന്നിരുന്ന ഒരു പദ്ധതിയായിരുന്നു നീണ്ടകര മാരിടൈം അക്കാഡമി. കോടതിയിൽ കരാറുകാരനും പോർട്ട് അധികൃതരുമായി ഉണ്ടായിരുന്ന കേസിനെത്തുടർന്നായിരുന്നു മുടക്കം സംഭവിച്ചത്. 100 കോടി രൂപയുടെ പദ്ധതിയായിരുന്നു. ഒടുവിൽ കരാറുകാരനു കൊടുക്കുവാനുള്ള കുടിശ്ശിഖ കൊടുത്തിട്ടു വർക്ക് പുനരാരംഭിക്കാൻ കോടതി ഉത്തരായി. പി പി പി മോഡലിലുള്ള പദ്ധതി ടൂറിസത്തിനു പ്രാധാന്യമുള്ളതാണ്. മാരിടൈമുവുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ ലവലിലുള്ള അക്കാഡമിയാക്കി അതിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.
കോവിൽത്തോട്ടത്ത് ദീർഘകാലമായി മുടങ്ങിക്കിടക്കുകയായിരുന്ന മൈനിംഗ് മുഖ്യമന്ത്രി, ധനമന്ത്രി, വ്യവസായ മന്ത്രി അടക്കമുള്ളരുമായി പലകുറി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തൊഴിൽത്തർക്കം പരിഹരിച്ച് 750 മൈനിംഗ് തൊഴിലാളികളെ കെ എം എം എൽ കമ്പനി ഡയറക്ട് കോൺട്രാക്റ്റ് വർക്കേഴ്‌സ് ആക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് സുജിത്ത് വിജയൻ പിള്ള പറഞ്ഞു. ചവറ ബേബിജോൺ സ്മാരക ഗവ.കോളേജിന് മാത്രമായി 18 കോടി രൂപയോളം അനുവദിപ്പിക്കാനും, ശങ്കരമംഗലം സ്‌കൂളിനു 8 കോടി അനുവദിപ്പിക്കാനും കഴിഞ്ഞു. ശങ്കരമംഗലം ജംഗ്ഷനിൽ ബസ് ബേയും ടേക്ക് എ ബ്രേക്ക് സംവിധാനവും ഉണ്ടാക്കും. പൊതു ഇടങ്ങൾ വർധിപ്പിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങളും മണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. പന്മന മനയിൽ ചരിത്ര പ്രാധാന്യമുള്ള പ്ലാക്കോട്ടുകുളവും തേവലക്കരയിലെ ആലയിറക്കം എന്ന സ്ഥലത്തെ കുളവും നവീകരിച്ച് ചുറ്റും പാർക്കും മറ്റുമാക്കി പൊതു ഇടങ്ങളാക്കാൻ കഴിഞ്ഞു. 4 കോടി രൂപയ്ക്ക് ചവറയിൽ ടൂറിസം പ്രോജക്ടും, ശക്തികുളങ്ങരയിൽ 50 ലക്ഷം രൂപയ്ക്ക് പാർക്കും സ്ഥാപിക്കും. എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ നിർക്കുന്നതിന് ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
നീണ്ടകരയിലെ താലൂക്ക് ആശുപത്രിയോടു ചേർന്നുള്ള കാൻസർ സെന്ററിന്റെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി 30 കോടി രൂപ ചെലവിൽ റേഡിയോ തെറാപ്പി സംവിധാനവും അവിടെ ഉണ്ടാക്കും. ആദ്യ ഘട്ടമായി സിവിൽ വർക്കിനു വേണ്ടി മൂന്നു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മെഷീൻ വാങ്ങാനാണ് 30 കോടി. ഈ പദ്ധതി ആരംഭിക്കുന്നതോടെ വീടുകളിൽ നിന്നെത്തി റേഡിയേഷനെടുത്ത് തിരിച്ചു പോകാം. ഇപ്പോൾ കൊല്ലം, കായംകുളം തുടങ്ങിയ ഭാഗങ്ങളിലെ രോഗികൾ തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുത്തോ ലോഡ്ജുകളിൽ താമസിച്ചോ ഒന്നര മാസമോ രണ്ടു മാസമോ 30 റേഡിയേഷനോ 40 റേഡിയേഷനോ എടുത്തിട്ടാണ് മടങ്ങിവരുന്നത്. ഇവിടെ ഈ പദ്ധതി ആരംഭിക്കുന്നതോടെ രോഗികൾക്ക് അന്നുതന്നെ മടങ്ങിപ്പോകാം. നീണ്ടകര താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 120 ഓളം തസ്തികളാണ് വേണ്ടി വരുന്നതെന്നും, അതിനു വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ടെന്നും ഡോ.സുജിത്ത് വിജയൻ പിള്ള പറഞ്ഞു. ശക്തികുളങ്ങരയിലെ ഐലന്റുകളെ തമ്മിൽ യോജിപ്പിക്കുന്നതിന് മൂന്നു പാലങ്ങളും അതിന്റെ അപ്രോച്ചു റോഡുകളും നിർമിക്കുന്നതിന് ഏഴരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്.
2021 ൽ ഡോ.സുജിത്ത് വിജയൻ പിള്ള എൽ.ഡി.എഫ് സ്വതന്ത്രനായി നിന്നാണ് മത്സരിച്ചു വിജയിച്ചത്. ഇനി ഒരു രണ്ടാമൂഴ ത്തിനാഗ്രഹമുണ്ടോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞത് അതൊക്കെ എൽ.ഡി.എഫാണ് തീരുമാനിക്കേണ്ടതെന്നാണ്. ഡോ.സുജിത്ത് വിജയൻപിള്ള എംഎൽഎയുടെ പ്രവർത്തന ശൈലി തികച്ചും, വ്യത്യസ്തവും കർമ്മനിരതവുമാണ്.











