04:41pm 27 September 2026
NEWS
പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു
04/09/2025  03:44 PM IST
nila
പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു

പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ ഡോ. ഷെർലി വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോളിളക്കമുണ്ടാക്കിയ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ‌ ഫൊറൻസിക് സർജനാണ് ഷെർലി വാസു. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു.

കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്ന ഡോ. ഷെർലി വാസു കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയാണ്. ഫൊറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെർലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെർലി വാസു ഔദ്യോഗിക കാലയളവിൽ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അറിവ് പകർന്നു നൽകുകയും ചെയ്തു.

1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. 1984ൽ ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളജിൽ അസി.പ്രഫസർ, അസോ.പ്രഫസർ പദവികൾ വഹിച്ചു. 1997 മുതൽ 1999ൽ പരിയാരം മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിൽ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലെത്തി.

2001ജൂലൈ മുതൽ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകൾക്കു തുമ്പുണ്ടാക്കാൻ സാധിച്ചത്. 2010ൽ തൃശൂർ മെഡിക്കൽ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലായി. 2017 ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു. 'പോസ്റ്റ്മോർട്ടം ടേബിൾ' പ്രധാന കൃതിയാണ്. ഡോ. കെ. ബാലകൃഷ്ണനാണ് ഭർത്താവ്. മക്കൾ നന്ദന, നിതിൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img