
പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. വീട്ടിൽ കുഴഞ്ഞു വീണ ഡോ. ഷെർലി വാസുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോളിളക്കമുണ്ടാക്കിയ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജനാണ് ഷെർലി വാസു. നിലവിൽ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു.
കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്ന ഡോ. ഷെർലി വാസു കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവിയാണ്. ഫൊറൻസിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെർലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെർലി വാസു ഔദ്യോഗിക കാലയളവിൽ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാർഥികൾക്ക് ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ അറിവ് പകർന്നു നൽകുകയും ചെയ്തു.
1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. 1984ൽ ഫോറൻസിക് മെഡിസിനിൽ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കൽ കോളജിൽ അസി.പ്രഫസർ, അസോ.പ്രഫസർ പദവികൾ വഹിച്ചു. 1997 മുതൽ 1999ൽ പരിയാരം മെഡിക്കൽ കോളജിൽ ഡപ്യൂട്ടേഷനിൽ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിലെത്തി.
2001ജൂലൈ മുതൽ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകൾക്കു തുമ്പുണ്ടാക്കാൻ സാധിച്ചത്. 2010ൽ തൃശൂർ മെഡിക്കൽ കോളജിലെത്തി. 2012 വരെ ഫോറൻസിക് വിഭാഗം മേധാവിയായി. 2014ൽ പ്രിൻസിപ്പലായി. 2017 ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചു. 'പോസ്റ്റ്മോർട്ടം ടേബിൾ' പ്രധാന കൃതിയാണ്. ഡോ. കെ. ബാലകൃഷ്ണനാണ് ഭർത്താവ്. മക്കൾ നന്ദന, നിതിൻ











