07:22am 02 May 2026
NEWS
വിട പറഞ്ഞത് ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട മലയാളി
18/04/2025  09:00 PM IST
nila
വിട പറഞ്ഞത് ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട മലയാളി

പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ.മാത്യു സാമുവൽ തന്റെ എഴുപത്തേഴാമത്തെ വയസിലാണ് വിടപറഞ്ഞത്. കോട്ടയം സ്വദേശിയായ ഡോ.മാത്യു സാമുവൽ കളരിക്കൽ കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായിരുന്നു. ആതുരസേവന രം​ഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്ത്  2000 ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 

ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിസാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. നാഷനൽ ആൻജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചതും ഡോ.മാത്യു സാമുവലാണ്. ചെന്നൈ അപ്പോളോ ആശുപത്രി, മുംബൈയിലെ ലീലാവതി ഹോസ്പിറ്റൽ, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, സൈഫി ഹോസ്പിറ്റൽ എന്നിവയടക്കം ഇന്ത്യയിലെ പ്രധാന ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1948 ജനുവരി ആറിന് കോട്ടയത്താണ് ഡോ. മാത്യു ജനിച്ചത്. ആലുവ യ‌ുസി കോളജിലെ പഠനത്തിനു ശേഷം 1974 ൽ കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടി. ചെന്നൈയിലെ സ്റ്റാൻലി കോളജിൽനിന്ന് എംഡിയും മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് ഡിഎമ്മും പാസായ ശേഷം പീഡിയാട്രിക് സർജറി ട്യൂട്ടറായി ജോലി തുടങ്ങി.

അക്കാലത്ത്, ആൻജിയോപ്ലാസ്‌റ്റിയുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന സൂറിക്കിലെ ഡോ. ആൻഡ്രിയാക് ജെൻസിക്കിന് ഡോ. മാത്യു കത്തുകൾ എഴുതിയിരുന്നു. ഡോ. ജെൻസിക് മാത്യുവിനെ സൂറിക്കിലേക്കു ക്ഷണിച്ചു. ഒരു സ്‌കോളർഷിപ് നേടി മാത്യു സൂറിക്കിലേക്കു പോയി. വൈകാതെ ജെൻസിക്കിനൊപ്പം മാത്യുവും യുഎസിലേക്കു പോയി. അവിടെഅറ്റ്‌ലാന്റയിലെ എമറി സർവകലാശാലയിൽ ആൻജിയോപ്ലാസ്‌റ്റിയിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി. 1986ൽ ചെന്നൈയിൽ തിരിച്ചെത്തി.

ഡോ. മാത്യുവാണ് രാജ്യത്തെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയത്. ഇലക്ട്രോണിക് അൽജെസിമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്‌കെയിൽ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിനു പേറ്റന്റ് ഉണ്ട്. ഹൃദയ ധമനികളിലെ തടസ്സം നീക്കുന്ന ആൻജിയോപ്ലാസ്‌റ്റിയിൽ ലോഹ സ്‌റ്റെന്റുകൾക്കു പകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്‌റ്റെന്റുകൾ ഉപയോഗിച്ചുള്ള ചികിൽസയുടെ അമരക്കാരിലൊരാളാണ് അദ്ദേഹം. 

സംസ്കാരം ഏപ്രിൽ 21 ഉച്ചയ്ക്ക് രണ്ടിന് കോട്ടയത്ത് മാങ്ങാനത്തെ വീട്ടിൽ ശുശ്രൂഷയ്ക്കു ശേഷം  മൂന്നിന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മൃതദേഹം മാങ്ങാനത്തെ വീട്ടിലെത്തിക്കും. ഭാര്യ: ബീന മാത്യു. മക്കൾ: സാം മാത്യു, അന മേരി മാത്യു. മരുമക്കൾ: മെറിൻ, ടാജർ വർഗീസ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img