10:12pm 14 June 2024
NEWS
ഡോ. കുഞ്ഞാമൻ: മേലാള മേൽക്കോയ്മയുടെ രക്തസാക്ഷി, കേരളം നൽകിയത് കടുത്ത അവഗണന
31/12/2023  11:00 AM IST
ചെറുകര സണ്ണീലൂക്കോസ്
ഡോ. കുഞ്ഞാമൻ: മേലാള മേൽക്കോയ്മയുടെ രക്തസാക്ഷി, കേരളം നൽകിയത് കടുത്ത അവഗണന

1949 നവംബർ 25 ന് ഭരണഘടനാ നിർമ്മാണസഭയിലെ ചർച്ചകൾ ഉപസംഹരിച്ച് ഡോ.ബി.ആർ അംബേദ്കർ നടത്തിയ പ്രസംഗം ഇന്ത്യയിലെ ജനാധിപത്യത്തിനുള്ളിലെ ചില വൈരുദ്ധ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തിന്റെ അഭാവത്തിൽ രാഷ്ട്രീയമായ ജനാധിപത്യം വെറും ഒരു പുറന്തോട് മാത്രമായേ നിലനിൽക്കൂ എന്ന യാഥാർത്ഥ്യത്തിലേക്കാണ് അംബേദ്കർ വിരൽചൂണ്ടിയത്.

ഒരാൾക്ക് ഒരു വോട്ടും എല്ലാവോട്ടുകൾക്കും തുല്യമൂല്യവുമുള്ള ഒരു വ്യവസ്ഥയിലേക്ക് നാം പ്രവേശിക്കുകയാണെണ് അംബേദ്കർ പറഞ്ഞു. എന്നാൽ എല്ലാ മനുഷ്യർക്കും തുല്യമൂല്യമുള്ള വ്യവസ്ഥയിൽ നിന്ന് നാം കാതങ്ങളോളം അകലെയാണ്. ഈ അകലത്തിന് പിന്നിലെ ഏറ്റവും പ്രബലമായ കാരണം ജാതിവ്യവസ്ഥയാണ്. അത് രാഷ്ട്രീയ ജനാധിപത്യം കൊണ്ടുമാത്രം പരിഹരിക്കാവുന്ന ഒന്നല്ല. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തിന്റെ പേശികളും നാഡീതന്തുക്കളുമാണെന്ന് 'ഭരണകൂടവും ന്യൂനപക്ഷങ്ങളും' എന്ന തന്റെ രചനയിൽ ഡോ. അംബേദ്കർ വിവരിക്കുന്നുണ്ട്.

ഇന്ത്യയിലെ പാർലമെന്ററി  ജനാധിപത്യത്തിന്, ജനാധിപത്യത്തിന്റെ ആധാരതത്ത്വമായ സമത്വഭാവനയെ, അംബേദ്ക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടി 74 വർഷം പിന്നിടുമ്പോഴും ഈ നാടിന് ഏറ്റുവാങ്ങാനായില്ല എന്ന് ആധുനിക സമൂഹത്തെ ബോദ്ധ്യപ്പെടുത്താനായിരുന്നുവോ ജീവിതകാലം മുഴുവൻ ജാതിവിവേചനത്തിനെതിരെ പൊരുതിയ പ്രൊഫ. എം. കുഞ്ഞാമൻ എന്ന ധിഷണാശാലി ഇവിടുത്തെ ജീവിതം മതിയാക്കാം എന്ന് തീരുമാനിച്ചത്?

അഗാധമായ പാണ്ഡിത്യവും അക്കാദമിക മികവും, ആരുടെ മുഖത്തുനോക്കിയും അഭിപ്രായവ്യത്യാസങ്ങൾ പറയാൻ മടിക്കാത്ത നിർഭയത്വവും കൈമുതലായുണ്ടായിരുന്ന, തന്റെ ജീവിതം തന്നെ ജാതിവിവേചനത്തിനെതിരായ സമരമാക്കിയ കുഞ്ഞാമൻ മരണവും ഒരു പ്രതിഷേധ സമരമാർഗ്ഗമാക്കിയോ? ഏത് സവർണ്ണ പണ്ഡിതനോടും ഒപ്പം നിൽക്കാൻ കഴിയുന്ന ബൗദ്ധിക സമ്പത്തുണ്ടായിട്ടും ദലിതനായത് കൊണ്ടുമാത്രം ജീവിതത്തിലുടനീളം നേരിട്ട ജാതിവിവേചനത്തിന്റെ അസംഖ്യം രക്തസാക്ഷികളിലൊരാളാണ് പ്രൊഫ. കുഞ്ഞാമൻ.

പ്രൊഫ. കുഞ്ഞാമന്റെ ആത്മകഥ വായിച്ചിട്ടുള്ളവർക്കൊന്നും ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടാവില്ല. 'എതിര്; ചെറോണയുടേയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം' എന്ന തന്റെ ജീവിത കഥാപുസ്തകത്തിന്റെ തലക്കെട്ടുപോലെ തന്നെയായിരുന്നു കുഞ്ഞാമൻ പ്രൊഫസറുടെ ജീവിതവും.

രാജ്യം സ്വാതന്ത്ര്യം അനുഭവിച്ചുതുടങ്ങിയ കാലത്താണ്(1949) കുഞ്ഞാമൻ ജനിക്കുന്നത്. ഉയർന്ന ജാതിക്കാർ ഏറ്റവും കീഴാളരായി കാണുന്ന ഒരു ജാതിയിലാണ് പിറന്നത്. തന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ സമൂഹം തന്നോട് പെരുമാറിയ രീതി എക്കാലവും  അദ്ദേഹത്തിന്റെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. ജീവിതകഥയുടെ തുടക്കത്തിൽ ആദ്യത്തെ പാരഗ്രാഫിൽ തന്നെ അദ്ദേഹമിത് വിവരിക്കുന്നുണ്ട്.

'ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ, അച്ഛൻ അയ്യപ്പൻ, അമ്മ ചെറോണ, അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻ പോകും. കടുത്ത ദാരിദ്ര്യം. അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടിവളർത്തി.'

ഒരൊറ്റ മണ്ണെണ്ണവിളക്ക് മാത്രമുള്ള ഒരു ചാളയിലാണ് ജീവിതം. പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ അമ്മ വിളക്കെടുത്ത് അടുക്കളയിലേക്ക് പോകും. അതോടെ ലോകം ഒരു ഇരുട്ടായി തന്നെ ചുറ്റിവരിയും.

ജന്മിമാരുടെ വീട്ടിൽ തൊടിയിൽ മണ്ണുകുഴിച്ച് ഇലയിട്ടു അതിൽ തരുന്ന കഞ്ഞികുടിച്ചും, ജന്മിയുടെ വീട്ടിലെ സദ്യ കഴിഞ്ഞ് ഉപേക്ഷിക്കുന്ന എച്ചിൽ തിന്നുമാണ് വളർന്നത്.

ഓം പ്രകാശ് വാത്മീകിയുടെ ജൂഠൻ എന്ന പേരിലുള്ള ആത്മകഥയുണ്ട്. എച്ചിൽ തിന്ന് ജീവിക്കുന്ന ഒരു  സമുദായത്തിന്റെ കഥയാണ്. കേരളത്തിലും അത്തരം ജാതി സമൂഹങ്ങൾ ഉണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം. സ്‌ക്കൂളിൽ ചില അദ്ധ്യാപകർ പേരല്ല വിളിക്കുക.. പാണൻ എന്ന ജാതിപ്പേരാണ്. 'സാർ എന്നെ കുഞ്ഞാമൻ എന്ന് വിളിക്കണം, ജാതിപ്പേര് വിളിക്കരുത് എന്നുപറഞ്ഞപ്പോൾ മറുപടിയായി കിട്ടിയത് ചെകിടത്ത് ആഞ്ഞ് ഒരടിയാണ്.. ' ബാല്യം മുതൽ ജീവിതത്തിലുടനീളം ജാതിയുടെ പേരിൽ നേരിടേണ്ടി വന്ന അവഗണനകളോട് നിരന്തരം പൊരുതി മുന്നേറിയെങ്കിലും, അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ അതിലെ അപകർഷത നേരിപ്പോടുപോലെ നീറിയിരുന്നു.

'എതിരി'ന് കെ. വേണു എഴുതിയ അവതാരികയിൽ ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾ കൊണ്ട് ദലിത് സമൂഹത്തിലെ  ജനവിഭാഗങ്ങളിൽ സ്വാധീനിക്കപ്പെട്ടുപോയ മനോഘടനയെക്കുറിച്ച് പറയുന്നുണ്ട്. 'കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണ്ണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽ തന്നെയേ ഉൾക്കൊള്ളാനാവുകയുള്ളൂ.' -കെ. വേണു എഴുതി. എതിർപ്പുകളോട് പൊരുതി ജീവിച്ച, തന്റെ ജീവിതാനുഭവങ്ങൾ കുറിച്ച പുസ്തകത്തെത്തേടി ആത്മകഥയ്ക്കുള്ള കേരളസാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരമെത്തിയപ്പോൾ, അത് നിഷേധിക്കാൻ തന്റേടം പ്രകടിപ്പിച്ച, ധിഷണാശാലി എന്തിന് സ്വയം അവസാനിപ്പിച്ചു എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് അവതാരികയിൽ കെ. വേണു അന്നേ എഴുതിയത്.

ഒരു നേരത്തെ ഭക്ഷണത്തിനായി തെരുവുനായയുമായി മല്ലിടേണ്ടി വന്നതിനെക്കുറിച്ച് കുഞ്ഞാമൻ 'എതിരിൽ' എഴുതിയിട്ടുണ്ട്. എം.എയ്ക്ക് പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട് തനിക്ക് തോന്നിയ പ്രണയം ഒരു സ്‌നേഹിതൻ അവളെ അറിയിച്ചപ്പോൾ അവൾ 'ആ ബെഗ്ഗറെ' എന്ന് ആക്ഷേപിച്ചതിനെക്കുറിച്ച്, ണല രലഹലയൃമലേ ്ശരീേൃ്യ, യൗ േംല ഹലമൃി ളൃീാ ളമശഹൗൃല'െ എന്നാണ് മനസ്സിൽ തട്ടി കുഞ്ഞാമൻ  പറഞ്ഞിരുന്നതത്രേ.

എല്ലാ അവഹേളനങ്ങളേയും അവഗണിച്ച് കഠിനാദ്ധ്വാനം ചെയ്ത് പാലക്കാട് വിക്‌ടോറിയാ കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം(എം.എ) എം. കുഞ്ഞാമൻ എന്ന മണ്ണ്വമ്പത്തൂർ കുഞ്ഞാമൻ കരസ്ഥമാക്കുമ്പോൾ, കെ.ആർ. നാരായണന് ശേഷം ആ നേട്ടം കൈവരിക്കുന്ന ആദ്യദലിത് കേരളീയൻ എന്ന അംഗീകാരം കൂടിയായിരുന്നു അത്. തുടർന്ന് തിരുവനനന്തപുരം സി.ഡി.എസിൽ(സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്) നിന്നും എം.ഫിലും കൊച്ചിൻ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡിയും നേടി.

എം.എയ്ക്ക് റാങ്ക് കിട്ടിയപ്പോൾ അന്ന് കുഞ്ഞാമനെ അനുമോദിക്കാൻ മന്ത്രിമാരായ എം.എൻ. ഗോവിന്ദൻനായരും, ടി.കെ. ദിവാകരനുമൊക്കെ പങ്കെടുത്ത സമ്മേളനം പാലക്കാട്ട് നടന്നു. അന്ന് കിട്ടിയ സ്വർണ്ണമെഡൽ പാലക്കാട്ടുനിന്ന് വാടാനം കുറിശ്ശിയിലെത്തിയതിന്റെ അടുത്തദിവസം തന്നെ പണയം വച്ചു. പത്തുദിവസം കഴിഞ്ഞുവിൽക്കുകയും ചെയ്തു. കൊടും പട്ടിണിയായിരുന്നു അന്ന് വീട്ടിൽ. അതുകൊണ്ട് റാങ്കോ, മെഡലോ, വലിയ കാര്യമായില്ല എന്ന് കുഞ്ഞാമൻ എഴുതിയിട്ടുണ്ട്.

റാങ്ക് കിട്ടിയിട്ടും കുഞ്ഞാമന് ജോലി ലഭിക്കുവാൻ രണ്ട് വർഷം കാത്തുനിൽക്കേണ്ടി വന്നു. സി.ഡി.എസിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കുമ്പോൾ കേരള സർവ്വകലാശാലയിൽ ലക്ച്ചർ തസ്തികയ്ക്ക് അപേക്ഷിച്ചു. അപേക്ഷകരിൽ ഒന്നാം റാങ്കും കുഞ്ഞാമനായിരുന്നു. എങ്കിലും നിയമനം ലഭിച്ചില്ല. മറ്റൊരാളെയാണ് നിയമിച്ചത്. ഈ അനീതി പത്രവാർത്തയായപ്പോൾ സർക്കാർ, കേരള സർവ്വകലാശാലയുടെ ഇക്കണോമിക്‌സ് വകുപ്പിൽ സൂപ്പർ ന്യൂമററി തസ്തികയുണ്ടാക്കി അത് പട്ടികവർഗ്ഗത്തിന് സംവരണം ചെയ്താണ് കുഞ്ഞാമനെ നിയമിച്ചത്. കാര്യവട്ടം കാമ്പസിൽ സാമ്പത്തിക ശാസ്ത്രവകുപ്പിൽ അദ്ധ്യാപകനായി ചുമതലയേറ്റ ശേഷം 1979 മുതൽ 2006 വരെയുള്ള 27 വർഷം ജോലി ചെയ്തു. തുടർന്ന് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ മഹാരാഷ്ട്ര ഓഫ് സോഷ്യൽ സയൻസിന്റെ മഹാരാഷ്ട്ര തുൽജാപൂർ ക്യാമ്പസിൽ അദ്ധ്യാപകനായി ഒമ്പതുവർഷം പ്രവർത്തിച്ചു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ(യു.ജി.സി) ഉന്നതാധികാര സമിതിയംഗം എന്ന നിലയിലും പ്രവർത്തിക്കാനവസരം ലഭിച്ചു. സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധൻ എന്ന നിലയിലും കേരളത്തിലറിയപ്പെട്ട പലരേക്കാളും അഗ്രഗണ്യനായിരുന്നു കുഞ്ഞാമൻ.

എന്നാൽ കേരളം ഒരിക്കലും അദ്ദേഹത്തിന് അർഹമായ അംഗീകാരം നൽകിയില്ല. കുഞ്ഞാമൻ എന്ന സാമ്പത്തിക വിദഗ്ദ്ധനെ, പണ്ഡിതനെ അറിയുന്നവർ കേരളീയ പൊതുസമൂഹത്തിൽ വളരെ ചുരുക്കമായിരിക്കും. പിന്നെയല്ലേ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ അറിയുന്നവർ ഇന്നുണ്ടാകുക. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയോടോ പ്രത്യയശാസ്ത്രത്തോടോ വിധേയനായിരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു ലോബിയുടേയും ആളായിരുന്നില്ല. അതുകൊണ്ടുതന്നെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെയോ, മുഖ്യധാരാ മാധ്യമങ്ങളുടെയോ കടാക്ഷം ഒരിക്കലും കുഞ്ഞാമന് മേലുണ്ടായില്ല. ജീവിച്ചിരുന്നപ്പോൾ അവഗണിച്ചവർ മരണശേഷവും അവഗണന നിർദ്ദയം തുടർന്നതുകൊണ്ട് കുഞ്ഞാമൻ ആരായിരുന്നു എന്നത് അപ്പോഴും പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല.

കേരളത്തിലെ സർവ്വകലാശാലകളിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലം വൈസ് ചാൻസലർമാരായിരുന്നവരുടെ പട്ടികയെടുത്താൽ അതിലേറ്റവും പ്രഗത്ഭരായ രണ്ടോ മൂന്നോ പേരിൽ ഉൾപ്പെടാൻ തക്കയോഗ്യത ഡോ. കുഞ്ഞാമന് ഉണ്ടായിരുന്നു. അതുപോലെ എൽ.ഡി.എഫ് സർക്കാരോ, യു.ഡി.എഫ് സർക്കാരോ ഒരിക്കൽപ്പോലും സംസ്ഥാന പ്ലാനിംഗ് ബോർഡിൽ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.

വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണമാകാം, പക്ഷേ നിയമനിർമ്മാണസഭകളിലേക്ക് അധഃസ്ഥിതർ വരേണ്ടത് സംവരണ സീറ്റുകളിലൂടെയല്ല ജനറൽ സീറ്റുകളിലൂടെയായിരിക്കണം എന്നുപറഞ്ഞ കുഞ്ഞാമനെ, 1980 കളിൽ ഉയർന്നുവന്ന ദലിത് രാഷ്ട്രീയത്തിന് ശക്തമായ ബൗദ്ധിക അടിത്തറ തീർക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുഞ്ഞാമനെ, സമുദായ നേതൃത്വങ്ങളുടെയും സാമ്പത്തിക ശക്തികളുടേയും സ്വാധീനത്തിന് വിധേയപ്പെട്ടുപോയ ഇടതുവലതുരാഷ്ട്രീയ പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോയതിൽ അത്ഭുതമില്ല.

 സബാൾട്ടൻ സ്റ്റഡീസിൽ(കീഴാളരെ കുറിച്ചുള്ള പണം) മൗലിക അന്വേഷണം നടത്തുന്ന എം. കുഞ്ഞാമൻ ഒടുവിൽ എം.ജി യൂണിവേഴ്‌സിറ്റിയുടെ നെൽസൺ മണ്ടേല ചെയർ പ്രൊഫസറായിരുന്നു. 'എതിര്' കൂടാതെ ഉല്‌ലഹീുാലി േീള ഠൃശയമഹ ഋരീിീാ്യ, ടമേലേ ഘല്‌ലഹ ുഹമിിശിഴ ശി കിറശമ ഏഹീയമഹശ്വമശേീി: അ ടൗയമഹലേൃി ജലൃുെലരശേ്‌ല, ഋരീിീാശര ഉല്‌ലഹീുാലി േമിറ ടീരശമഹ ഇവമിഴല, കേരളത്തിന്റെ വികസനപ്രതിസന്ധി എന്നിവയാണ് കുഞ്ഞാമന്റെ മറ്റ് പ്രധാന കൃതികൾ.

ഒട്ടേറെ സാമൂഹ്യരാഷ്ട്രീയ പ്രാധാന്യമുള്ള ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞ ഒന്നുരണ്ട് വർഷങ്ങളിൽ കുഞ്ഞാമന്റെ രണ്ട് ഡസനിലേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 'ട്രൂ കോപ്പി തിങ്ക്' എന്ന ഓൺലൈൻ മീഡിയായിൽ കൂടിയാണ്. ഇ.എം.എസ്, വി.എസ് അച്യുതാനന്ദൻ തുടങ്ങിയവരോടൊക്കെ നേരിട്ടു അടുപ്പമുണ്ടായിരുന്ന കുഞ്ഞാമന് എന്നും ഇടതുപക്ഷ മനസ്സായിരുന്നു. മർദ്ദിത ജാതിവിഭാഗങ്ങളിൽ അവകാശ ബോധം സൃഷ്ടിക്കുന്നതിലും, സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിനും കമ്മ്യൂണിസ്റ്റുകാർ വഹിച്ച പങ്കിനെ കുഞ്ഞാമൻ നിഷേധിച്ചിട്ടില്ലെങ്കിലും ദലിതർക്ക് തനതായ രാഷ്ട്രീയാധികാര പങ്കാളിത്തത്തിലൂടെയുള്ള മോചന സാധ്യതയെ എന്നന്നേക്കുമായി കൊട്ടിയടക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ ചെയ്തതെന്ന് അദ്ദേഹം വിശ്വസിച്ചു.

സി.പി.എമ്മിന് സമീപകാലത്ത് മുതലാളിത്തത്തോടാണ് കൂടുതൽ കൂറ് എന്ന വിമർശനവും കുഞ്ഞാമന് ഉണ്ടായിരുന്നു. ട്രൂ കോപ്പി തിങ്ക് 2023 സെപ്റ്റംബർ മാസം പ്രസിദ്ധീകരിച്ച കുഞ്ഞാമന്റെ ലേഖനത്തിന്റെ തലക്കെട്ട് 'കേരളം, കേന്ദ്രം: ഏകാധിപതികളുടെ അപകടരമായ പാരസ്പര്യം' എന്നതായിരുന്നുവെങ്കിൽ നവംബർ മാസത്തിലെ ലേഖന തലക്കെട്ട് 'കേരളസർക്കാരിനോട്: ചെലവുകളുടെ മുൻഗണനാക്രമം എന്ത്?' എന്ന ചോദ്യമായിരുന്നു.

'എതിര്' എന്ന പുസ്തകത്തിൽ അദ്ദേഹം ഒരദ്ധ്യായത്തിലിങ്ങനെയെഴുതിയിട്ടുണ്ട്: 'വർഗ്ഗ പ്രശ്‌നമല്ല. മേലാള മേൽക്കോയ്മയാണ് ഇന്നത്തെ പ്രശ്‌നം. ഫ്യൂഡൽ സമൂഹത്തിൽ ആരാണോ മുകൾ തട്ടിലുണ്ടായിരുന്നത്: ആ വിഭാഗങ്ങളിൽ നിന്നുള്ളവർ തന്നെയാണ് ഈ മുകൾത്തട്ടിലുള്ളത്. അത് എഴുത്തുകാരായാലും മാധ്യമപ്രവർത്തകരായാലും, ശാസ്ത്രജ്ഞരായാലും ജാതിയിൽ മുകൾതട്ടിലുള്ളവർ തന്നെയാണ് ഇന്നും ഉയർന്നുനിൽക്കുന്നത്. ഇത് ചരിത്രത്തിന്റെ തുടർച്ചയാണ്. ഈ ചരിത്ര അനുസ്യൂതത്വം മുറിക്കണമെങ്കിൽ കീഴാള പ്രതിരോധം ആവിർഭവിക്കുകയും ശക്തിപ്പെടുകയും ചെയ്യേണ്ടത് അനിവാര്യമാണ്.'

തന്റെ ജീവരക്തം കൊണ്ട് എഴുതിയ 'മരണമൊഴി' എന്നുപറയാവുന്ന ഈ വാക്കുകൾ കേരളത്തിലെ മുഴുവൻ അധഃസ്ഥിതർക്കും അവരോടൊപ്പം നിൽക്കുന്നവർക്കും ഏറെ കരുത്തു പകരുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE