08:36am 10 November 2026
NEWS
ചെയ്തത് ഗുരുതര തെറ്റാണെന്ന് മനസിലാക്കിയിട്ടുണ്ടെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ
03/07/2025  10:39 AM IST
nila
 ചെയ്തത് ഗുരുതര തെറ്റാണെന്ന്  മനസിലാക്കിയിട്ടുണ്ടെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം: സ്വീകരിച്ച മാർ​ഗം തെറ്റായിരുന്നെന്നും എന്നാൽ മറ്റു മാർ​ഗങ്ങൾ ഇല്ലായിരുന്നെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും തന്നോടൊപ്പം നിന്നിട്ടുണ്ടെന്നും അദ്ദേ​ഹം മാധ്യമങ്ങളോട് പറ‍ഞ്ഞു. എല്ലാ ചുമതലകളും താഴെയുള്ള ഡോക്ടർക്ക് നൽകിയിട്ടുണ്ടെന്നും എന്തു നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അന്വേഷണ സമിതിക്കു മുൻപാകെ താൻ പറഞ്ഞ കാര്യങ്ങൾ ബലപ്പെടുത്തുന്ന തെളിവുകളെല്ലാം നൽകിയെന്നും ഡ‍ോ. ഹാരിസ് പറഞ്ഞു.  മൊഴി നൽകാനായി ഇന്നലെ വൈകിട്ട് ആറു മണി വരെ ആശുപത്രിയിൽ ഉണ്ടായിരുന്നു. സഹപ്രവർത്തകരും തന്നെ അനുകൂലിക്കുന്ന മൊഴികളാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
‘‘തുറന്നുപറച്ചിൽ നടത്തിയതിൽ ഗുണമുണ്ടായി. ധാരാളം കാര്യങ്ങൾ അന്വേഷണ സമിതിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു തെറ്റുപ്പറ്റി. സ്വീകരിച്ച മാർഗം തെറ്റായിരുന്നു. പക്ഷേ എനിക്ക് വേറെ മാർഗമില്ലായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റ് ഇത്ര ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല. ആരോഗ്യ വകുപ്പ് ശ്രദ്ധിക്കുമെന്ന് മാത്രമേ വിചാരിച്ചുള്ളൂ. എന്നാൽ അതിനപ്പുറത്തേക്കു കടക്കുകയും കൂടുതൽ മാനങ്ങൾ ലഭിക്കുകയും ചെയ്തു.’’ – ഹാരിസ് പറഞ്ഞു.

‘‘മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സിപിഎമ്മും എന്നും എന്നോട് ഒപ്പം നിന്നിട്ടുണ്ട്. അവരാണ് എന്നെ കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. എന്റെ പോസ്റ്റ് അവർക്കെതിരെ വ്യാഖ്യാനിച്ചത് വിഷമമുണ്ടാക്കി. എനിക്ക് ഭയമില്ല. ഒരു ജോലി അല്ലെങ്കിൽ വേറൊരു ജോലി കിട്ടും. എന്നാൽ സാമാന്യ ജനങ്ങൾക്കു സഹായം നൽകണമെന്ന ലക്ഷ്യത്തോടെയാണ് ഞാൻ സർക്കാർ സർവീസിൽ പ്രവേശിച്ചത്. എന്ത് ശിക്ഷയ്ക്കും ഞാൻ തയ്യാറായി നിൽക്കുകയാണ്. എന്റെ വിഭാഗത്തിന്റെ എല്ലാ ചുമതലകളും താഴെയുള്ള ഡോക്ടർക്ക് നൽകിയിട്ടുണ്ട്.’’ – ഹാരിസ് പറഞ്ഞു.

‘‘സർക്കാർ ഒരിക്കലും എന്നെ ഭീഷണിപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിക്കെതിരെയാണ് എന്റെ പോരാട്ടം. സർക്കാരിനെതിരായ പോരാട്ടമല്ല എന്റേത്. മുൻപ് പ്രതികരിച്ചതിനും തനിക്ക് തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ സത്യസന്ധനായ വ്യക്തിയാണ്. പല സത്യങ്ങളും തുറന്നുപറഞ്ഞപ്പോൾ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. ചെയ്തത് ഗുരുതര തെറ്റാണെന്ന് ‍ഞാൻ മനസിലാക്കിയിട്ടുണ്ട്. എനിക്ക് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ല. ഭാര്യയ്ക്കും മൂത്ത മകൾക്കും ജോലിയുണ്ട്. ഒരു ദിവസം ബൈക്കിന് പെട്രോൾ അടിക്കേണ്ട പൈസ മാത്രം മതി.’’ – ഹാരിസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img