
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജൂനിയർ ടൈം സ്കെയിൽ) ഉദ്യോഗസ്ഥ ഡോ. ചിത്ര അരുണിമ കെ.എ.എസിനെ (PEN - 710623) അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി. പൊതുഭരണ (സ്പെഷ്യൽ-ഇ) വകുപ്പ് ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച സ.ഉ.(സാധാ) നം. 3931/2026/GAD പ്രകാരമാണ് നടപടി.
ഫയലിൽ കൃത്രിമം, തടവുകാർക്ക് അനധികൃത ആനുകൂല്യം
കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (KAAPA) പ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതികൾക്ക് നിയമപരമായി ലഭിക്കാൻ അർഹതയില്ലാത്ത ആനുകൂല്യങ്ങൾ ഒരുക്കിക്കൊടുക്കാൻ വേണ്ടി ബന്ധപ്പെട്ട ഫയലിൽ ഡോ. ചിത്ര അരുണിമ ദുരുദ്ദേശ്യപരമായ മാറ്റങ്ങളും കൃത്രിമത്വങ്ങളും വരുത്തിയെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. ഇതിലൂടെ ഔദ്യോഗിക സ്ഥാനവും അധികാരവും ദുർവിനിയോഗം ചെയ്ത് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
എസ്‌കോർട്ട് പരോൾ അനുവദിക്കുന്നതിന് നിയമപരമായ വ്യവസ്ഥയില്ലാതിരിക്കെയാണ് സംഭവം. വകുപ്പ് മന്ത്രി തലത്തിലോ സെക്രട്ടറി തലത്തിലോ ഉള്ള ഉത്തരവുകൾ മറികടന്ന്, കാപ്പ പ്രകാരം തടങ്കലിൽ കഴിയുന്ന വ്യക്തിക്ക് ആനുകൂല്യം ലഭ്യമാക്കുന്ന വിധത്തിൽ ഫയലിൽ തിരുത്തലുകൾ വരുത്തിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുർവിനിയോഗവുമായി സർക്കാർ കണക്കാക്കുന്നു.
ഉടനടി പ്രാബല്യത്തിൽ സസ്പെൻഷൻ:
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, 1960-ലെ KCS (CC&A) ചട്ടം 10(a) പ്രകാരം അന്വേഷണ വിധേയമായി ഡോ. ചിത്ര അരുണിമയെ ഉടനടി പ്രാബല്യത്തിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്. സസ്പെൻഷൻ കാലയളവിൽ, കേരള സർവീസ് ചട്ടങ്ങൾ (KSR) പാർട്ട് I, ചട്ടം 55-ലെ നോട്ട് 3 പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വിധേയമായി ഉപജീവനബത്ത ലഭിക്കാൻ ഉദ്യോഗസ്ഥയ്ക്ക് അർഹതയുണ്ടാകും. സെക്രട്ടറി കെ. ബിജു ഐ.എ.എസ് ആണ് ഉത്തരവിൽ ഒപ്പുവച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥ, അക്കൗണ്ടന്റ് ജനറൽ (എ&ഇ/ഓഡിറ്റ്) എന്നിവർക്കും മുഖ്യമന്ത്രിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാർക്കും ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.










