
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക് തനിക്കെതിരെ ഉയരുന്ന 'സംഘി' ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടി നൽകുന്നു.
ചുമതലയും ലക്ഷ്യവും:
ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ഭയമില്ലാതെയും നിഷ്പക്ഷമായും പ്രവർത്തിക്കും. സർവകലാശാലകളെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ അല്ല, മറിച്ച് അവയുടെ ഗുണനിലവാരം, റാങ്കിംഗ്, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ചാൻസലർ ബില്ലിലെ വിയോജിപ്പ്:
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള ബില്ലിനെ ഫയലിൽ കാര്യകാരണസഹിതം എതിർത്തതിൽ അഭിമാനമുണ്ട്. പാർട്ടി അനുയായികളായ സ്വകാര്യ വ്യക്തികൾ ചാൻസലർമാരായാൽ സർവകലാശാലകളിൽ അരാജകത്വവും കോടിക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകുമായിരുന്നു.
'സംഘി' ചാപ്പകുത്തലുകൾക്കെതിരെ:
താനൊരു ക്ഷേത്രാരാധകനായ ഹിന്ദുവാണെങ്കിലും സംഘപരിവാർ ആശയങ്ങളോട് ചായ്‌വോ അവരിൽ നിന്ന് എന്തെങ്കിലും ആനുകൂല്യങ്ങളോ കൈപ്പറ്റിയിട്ടില്ല. വെറ്ററിനറി വി.സി ആയിരുന്നപ്പോൾ, ബീഫ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന മെഡിക്കൽ നിരീക്ഷണം ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തന്നെ സംഘിയാക്കേണ്ടതില്ല. ബീഫ് കഴിച്ചതുകൊണ്ട് മാത്രം ആരും മതേതരവാദിയാകുകയുമില്ല.
വി.സിമാരുടെ രാഷ്ട്രീയ നിഷ്പക്ഷത:
വൈസ് ചാൻസലർമാരും സർവകലാശാല ഉദ്യോഗസ്ഥരും സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയച്ചുവയുള്ള പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് പദവിക്ക് നല്ലത്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തോടെ മുൻപ് വി.സിമാരായവർ കേരളത്തിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്.
മുന്നോട്ടുള്ള പാത: കേന്ദ്രവുമായും ചാൻസലറുമായും ദൈനംദിന ഇടപെടലുകൾ ആവശ്യമായ വകുപ്പാണിത്. മുൻ സർക്കാരിന്റെ മൂന്ന് കമ്മിഷൻ റിപ്പോർട്ടുകളും യു.ഡി.എഫിന്റെ വിദ്യാഭ്യാസ കമ്മിഷൻ ശുപാർശകളും പരിശോധിച്ച് സർവകലാശാല നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും.










