
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (CIC)യുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ മദ്രസകളുടെ അക്കാദമിക്, ഓപ്പറേഷൻ വിഭാഗങ്ങളുടെ ഡയറക്ടറായി ഡോ. അലിഫ് ശുകൂർ ചുമതലയേറ്റു.
അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടിയ ഡോ. അലിഫ് വിദ്യാഭ്യാസ വിദഗ്ധൻ, ഗവേഷകൻ, ട്രെയിനർ എന്നീ നിലകളിൽ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി ശ്രദ്ധേയമായ സേവനങ്ങൾ അനുഷ്ഠിച്ച വ്യക്തിയാണ്. ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് ദീർഘകാല അനുഭവസമ്പത്തുള്ള അദ്ദേഹം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക് നേതൃത്വ ചുമതലകൾ വഹിച്ചിട്ടുണ്ട്. അൽ ജാമിയ അൽ ഇസ്‌ലാമിയയിൽ ലക്ചറർ , ആട്സ് & സയൻസ് കോളേജ് ഇസ്‌ലാമിക് സ്റ്റഡീസ് മേധാവി , കുവൈത്ത് ഇസ്‌ലാമിക് പ്രസന്റേഷൻ കമ്മറ്റിയില് അറബിക്ക് ഭാഷ ട്രെയിനർ , കുവൈറ്റിലെ ഇംഗ്ലീഷ് മദ്രസയുടെ ഡയറക്ടറർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം അധ്യാപന, പരിശീലന, പാഠ്യപദ്ധതി വികസന മേഖലകളിൽ സവിശേഷ സംഭാവനകൾ നൽകിയിട്ടുണ്ട്.
സി.ഐ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന അഞ്ച് മലയാളം മദ്രസകളുടെയും രണ്ട് ഇംഗ്ലീഷ് മദ്രസടെയും അക്കാദമിക് മേൽനോട്ടം, സ്ഥാപന വികസനം, ഗുണനിലവാര വർധന (Quality Improvement), അധ്യാപക ശാക്തീകരണം, പാഠ്യപദ്ധതി വികസനം, പഠന-പഠിപ്പിക്കൽ രീതികളുടെ നവീകരണം എന്നിവയ്ക്ക് ഇനി ഡോ. അലിഫ് നേതൃത്വം നൽകും.
വിദ്യാർത്ഥികേന്ദ്രീകൃതവും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മദ്രസകളെ അക്കാദമിക മികവിന്റെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വവും അനുഭവസമ്പത്തും വലിയ മുതൽക്കൂട്ടാകുമെന്ന് സി.ഐ.സി ഭാരവാഹികൾ അറിയിച്ചു.











