02:23am 23 September 2026
NEWS
സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി
30/06/2025  01:07 PM IST
nila
 സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി

സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഇരുപത്തേഴുകാരിയായ റിധന്യയാണ് മരിച്ചത്. കാറിനുള്ളിലാണ് റിധന്യയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ റിധന്യയുടെ ഭർത്താവ് കവിൻ കുമാർ, ഇയാളുടെ മാതാപിതാക്കളായ ഈശ്വരമൂർത്തി, ചിത്രാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്നും ഇറങ്ങിയത്. കാറിൽ പോയ റിധന്യ വഴിയോരത്ത് വാഹനം നിർത്തി കീടനാശിനി ഗുളികകൾ കഴിക്കുകയായിരുന്നു. ഏറെ നേരമായി കാർ വഴിയോരത്ത് കിടക്കുന്നതു കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ജീവനൊടുക്കുന്നതിനു മുൻപ് ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് റിധന്യ പിതാവ് അണ്ണാദുരൈയ്ക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. ഭർത്താവ് തന്നെ ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ സന്ദേശം. മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും സന്ദേശത്തിൽ റിധന്യ പറയുന്നുണ്ട്. 

‘‘എനിക്ക് അവരുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് അറിയില്ല. ജീവിതം ഇങ്ങനെയായിരിക്കുമെന്നും ഞാൻ വിട്ടുവീഴ്ച ചെയ്യണമെന്നും പലരും പറയുന്നു. എന്റെ കഷ്ടപ്പാട് അവർക്ക് മനസ്സിലാകുന്നില്ല. എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. ഇത് ഇങ്ങനെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. അച്ഛനും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛൻ എന്റെ പ്രതീക്ഷയായിരുന്നു. ഞാൻ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും. ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.’’ – ശബ്ദസന്ദേശത്തിൽ റിധന്യ പറഞ്ഞു. 

ഈ വർഷം ഏപ്രിലിലായിരുന്നു 28 വയസ്സുകാരൻ കവിൻ കുമാറുമായി റിധന്യയുടെ വിവാഹം. 100 പവൻ സ്വർണവും 70 ലക്ഷം വിലവരുന്ന ആഡംബര കാറും ആണ് മാതാപിതാക്കൾ വിവാഹസമ്മാനമായി നൽകിയത്. റിധന്യയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു. മകൾക്ക് നീതി വേണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും മറ്റു ബന്ധുക്കളും രംഗത്തെത്തി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img