
കൊച്ചി: ബെംഗളൂരു ഹെസരഘട്ടയിലെ സെൻറ് ജോർജ് മലബാർ ഇൻഡിപെൻറൻറ് സിറിയൻ ദേവാലയത്തിന് ഒരേസമയം വേൾഡ് റെക്കോർഡ്സ് യൂണിയൻറെ രണ്ട് ലോക റെക്കോർഡുകൾ ലഭിച്ചു.ദേവാലയത്തിനകത്തെ സീലിംഗിൽ സ്ഥാപിച്ച വലിയ മൾട്ടി-പാനൽ ക്യാൻവാസ് പെയിൻറിംഗിനും ജി5 മുതൽ എഫ്#6 വരെ സ്വരപരിധിയിൽ പൂർണമായും പ്രവർത്തനക്ഷമമായ 8 മണികളടങ്ങിയ ഇലക്ട്രോമെക്കാനിക്കൽ ഹാർമണി സംവിധാനത്തിനുമാണ് ഈ ലോക അംഗീകാരം. വിശ്വാസം, കല, വാസ്തുവിദ്യ, എൻജിനീയറിംഗ് എന്നിവയുടെ അപൂർവ സംഗമമായി മാറിയിരിക്കുന്ന സെൻറ് ജോർജ് ചർച്ച് ജാതി മത വ്യത്യാസമില്ലാതെ ബാംഗളൂരിലെ ശ്രദ്ധേയമായ സന്ദർശക കേന്ദ്രങ്ങളിലൊന്നായി മാറുകയാണ്.
പ്രശസ്ത കലാകാരൻ സുരേന്ദ്രൻ ഒരുക്കിയ 10 അടി വീതിയും 43 അടി നീളവുമുള്ള പത്ത് വലിയ അക്രിലിക് ക്യാൻവാസ് പാനലുകളും അഞ്ച് അടിയിലധികം വീതിയും 43 അടി നീളവുമുള്ള മറ്റൊരു പാനലും ചേർന്ന ഭീമാകാരമായ സീലിംഗ് ചിത്രകലാകൃതിക്കാണ് ആദ്യ ലോക റെക്കോർഡ്. ദേവാലയത്തിൻറെ വാസ്തുവിദ്യയുടെ ഭാഗമായാണ് ചിത്രകല രൂപപ്പെടുത്തിയിരിക്കുന്നത്. സ്വർഗീയവും ആത്മീയവുമായ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങളുടെ രചന. കൃത്യമായി ട്യൂൺ ചെയ്ത എട്ട് വെങ്കല മണികളടങ്ങിയ ഇലക്ട്രോമെക്കാനിക്കൽ ഹാർമണി സംവിധാനത്തിനാണ് രണ്ടാമത്തെ പുരസ്ക്കാരം. കീബോർഡ് ഉപയോഗിച്ച് നേരിട്ട് മണികൾ മുഴക്കുന്നതിനും പ്രോഗ്രാം ചെയ്യാവുന്ന ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഹാർമണി അവതരിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും.ബൈബിളിലെ സോളമൻ രാജാവ് നിർമ്മിച്ചതായി പറയുന്ന ദേവാലയത്തിൻറെ വാസ്തുശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും കേരളീയ പാരമ്പര്യ വാസ്തുശൈലിയെ ബറോക്ക്, റോക്കോക്കോ ശൈലികളുടെ സവിശേഷതകളുമായി സമന്വയിപ്പിച്ച് ‘തുറന്ന ബൈബിൾ’ എന്ന ആശയത്തിലാണ് സെൻറ് ജോർജ്ജ് ദേവാലയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രിസ്തുവിനെയും പന്ത്രണ്ട് അപ്പസ്തോലന്മാരെയും പ്രതിനിധീകരിക്കുന്ന 13 പ്രവേശന കവാടങ്ങൾ, വിശുദ്ധരുടെ ചിത്രങ്ങൾ, ബൈബിൾ സന്ദേശങ്ങളും പ്രതീകങ്ങളും ആവിഷ്കരിക്കുന്ന ചുമർചിത്രങ്ങൾ തുടങ്ങിയ വിശുദ്ധ ചിത്രങ്ങളാൽ വളരെ മനോഹരമാക്കപ്പെട്ടൊരു പള്ളിയെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഹെസരഘട്ടയിലെ ടി.ബി. ക്രോസ് റോഡിൽ സ്ഥിതിചെയ്യുന്ന ഈ ദേവാലയം .വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും കലാ-വാസ്തുവിദ്യാ പ്രേമികൾക്കും എൻജിനീയറിംഗ് താൽപ്പര്യമുള്ളവർക്കും ശ്രദ്ധേയമായ അനുഭവം നൽകുന്നു.
വിശ്വാസവും കലാപ്രകടനവും കരകൗശല മികവും എഞ്ചിനീയറിങ് വൈദഗ്ധ്യവും ഒത്തുചേരുന്നതിൻറെ പ്രതിഫലനമാണ് ഈ രണ്ട് നേട്ടങ്ങളെന്നു എം.ഐ.എസ്.സി.യുടെ പ്രസിഡൻറൂം സുപ്രീം ഹെഡ് ബിഷപ്പ് എച്ച്.ജി സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
Photo Courtesy - Google








