
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന സൂചനകൾ. പാർട്ടിയുടെ നിയമസഭാംഗങ്ങൾ ഉയർത്തിയ ആഭ്യന്തര കലാപം പാർലമെന്റംഗങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയിലെ ഏകദേശം 20 എംപിമാർ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ ഉയർന്ന തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ചില എംപിമാർ ബിജെപി നേതൃത്വവുമായി ബന്ധപ്പെടുകയുണ്ടായെന്നും ദേശീയ മാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ലോക്സഭയിലും രാജ്യസഭയിലുമായി തൃണമൂലിന് നിലവിൽ 41 എംപിമാരാണുള്ളത്. ഇതിൽ 20 പേർ ബിജെപിയിലേക്ക് മാറുകയാണെങ്കിൽ പാർലമെന്റിലെ പ്രതിപക്ഷ ശക്തിസമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാകും. നിലവിൽ ലോക്സഭയിൽ ബിജെപിക്ക് 240 അംഗങ്ങളാണുള്ളത്. തൃണമൂൽ എംപിമാരുടെ പിന്തുണ കൂടി ലഭിച്ചാൽ ആ സംഖ്യ 260 ആയി ഉയരുമെങ്കിലും, തനിച്ചുള്ള ഭൂരിപക്ഷത്തിന് ആവശ്യമായ 272 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ ഇപ്പോഴും 12 അംഗങ്ങളുടെ കുറവ് തുടരും.
രാജ്യസഭയിലും ഇതിന്റെ സ്വാധീനം പരിമിതമായിരിക്കുമെന്നാണ് വിലയിരുത്തൽ. 245 അംഗങ്ങളുള്ള സഭയിൽ ബിജെപിക്ക് നിലവിൽ 113 അംഗങ്ങളാണ്. തൃണമൂലിന്റെ 13 രാജ്യസഭാംഗങ്ങളിൽ ചിലർ കൂടി ചേർന്നാലും സഭയിലെ ശക്തിസമവാക്യത്തിൽ നിർണായക മാറ്റമുണ്ടാകില്ല.
അതേസമയം, പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിലാണ് മമത ബാനർജി. വിമത വിഭാഗം തന്നെയാണ് "യഥാർത്ഥ തൃണമൂൽ" എന്ന് അവകാശപ്പെട്ട് രംഗത്തിറങ്ങിയതോടെ പാർട്ടിക്കുള്ളിലെ അധികാര പോരാട്ടം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.










