
എറണാകുളം പ്രസ്ക്ലബിന്റെ എജ്യുപ്രസ് പദ്ധതിയുടെ ഭാഗമായി നടന്ന പഠനോപകരണ വിതരണ ചടങ്ങ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു. അൽത്താഫ് ജഹാംഗീർ, കെ ആർ ബിജിമോൻ, ആർ ഗോപകുമാർ, എം ഷജിൽ കുമാർ എന്നിവർ സമീപം.
കൊച്ചി: കുട്ടികൾ പരീക്ഷയെഴുതാൻ വേണ്ടി മാത്രം പഠിക്കരുതെന്നും അറിവ് നേടാൻ വേണ്ടിയായിരിക്കണം പഠനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഠിനാധ്വാനവും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ എജ്യുപ്രസ് 2025 ന്റെ ഭാഗമായി നടന്ന പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനവിസ്ഫോടനത്തിന്റെ കാലമാണിതെന്നും അറിവുള്ളവർക്ക് മാത്രമായിരിക്കും ഇനി ജീവിത വിജയം കൈവരിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പഠനോപകരണ വിതരണം നെസ്റ്റ് ഗ്രൂപ്പ് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീർ നിർവഹിച്ചു. ലോകത്തിലെ മാറ്റങ്ങൾ രക്ഷിതാക്കൾ കൂടി ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റണമെന്ന് എൽ പി , യു പി വിഭാഗം കുട്ടികളുടെ പഠനോപകരണ വിതരണം നിർവഹിച്ച മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ കെ ആർ ബിജിമോൻ പറഞ്ഞു.പാട്ടുംപാടി പഠിക്കാം എന്ന പേരിൽ നടന്ന കുട്ടികളുടെ കൂട്ടായ്മയിൽ സത്കലാ വിജയൻ ക്ളാസെടുത്തു. ജയിക്കാൻ പഠിക്കാം എന്ന വിഷയത്തിൽ എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ സംസാരിച്ചു. ജയവും തോൽവിയും കാലം തെളിയിക്കുന്നതാണെന്നും വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾ പ്രാപ്തരാകണമെന്നും അവർ പറഞ്ഞു.എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഷജിൽകുമാർ സ്വാഗതവും നിർവാഹകസമിതിയംഗം ഓ പി ജിഷ നന്ദിയും പറഞ്ഞു.











