
തിരുവനന്തപുരം:പോലീസ് മർദനമേറ്റ് ആശുപത്രിയിലായ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. കള്ളക്കേസുകളിൽ ജയിലിൽ കഴിയേണ്ടി വരുന്ന ഈ യുവപോരാളികളെ അപമാനിക്കാതെ, അവരെ ചേർത്തുനിർത്തുകയാണ് വേണ്ടത്. സമരങ്ങളിൽ പങ്കെടുക്കുകയോ ജയിലിൽ പോകുകയോ ചെയ്യാത്തവർക്ക് ഇന്നത്തെ യുവാക്കളെ ഉപദേശിക്കാൻ അർഹതയില്ല. ദീർഘകാലം എം.എൽ.എ, എം.പി, മന്ത്രി തുടങ്ങിയ അധികാരസ്ഥാനങ്ങളിൽ തുടർന്ന പലരും അധികാരം കുത്തകയാക്കി വെച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ രക്തം സംഘടനയിലേക്ക് വരാത്തതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് കാരണം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളെ അവഗണിച്ചതാണ് ഈ അവസ്ഥയിലേക്ക് നയിച്ചത്. സംഘടനാപരമായ ദൗർബല്യം പരിഹരിക്കണമെങ്കിൽ യുവാക്കളെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കണം. ഇവരുടെ പിന്തുണയിലൂടെ മാത്രമേ കോൺഗ്രസിന് വളരാൻ സാധിക്കൂ.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ അധികാരത്തിലെത്തിയ പലരും പിന്നീട് പുതിയ തലമുറയുടെ ശത്രുക്കളായി മാറിയെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു. പുറകിൽ നിന്ന് ആരും വരാതിരിക്കാനായി കടന്നുപോയ പാലങ്ങൾ തകർക്കുന്ന ഹിറ്റ്ലറുടെ യുദ്ധതന്ത്രമാണ് ഇവർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.











