കൊച്ചി : വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിനു വേണ്ടി മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, മഞ്ഞുമ്മൽ, പടിഞ്ഞാറേ കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും 2008ൽ ബദൽ സംവിധാനങ്ങൾ ഇല്ലാതെയാണ് കുടി ഒഴിപ്പിക്കപ്പെട്ടത്. 60 മീറ്റർ വീതിയിൽ 15 കിലോമീറ്റർ നീളത്തിലാണ് കണ്ടെയ്നർ റോഡ് നിർമ്മിച്ചിട്ടുള്ളത്. റോഡ് പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ട 173 കുടുംബങ്ങളെ ഭൂമി മരവിപ്പിക്കലിന്റെ മറവിൽ വീണ്ടും വേട്ടയാടരുതെന്ന് മൂലംപള്ളി കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ 13ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം ദേശീയപാതയുടെ മധ്യത്തിൽ നിന്നും ഇരുവശത്തേക്കും 40 മീറ്റർ വീതിയിൽ നിർമ്മാണങ്ങൾ വിലക്കിക്കൊണ്ടുള്ള ഉത്തരവിന്റെ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കി തുടങ്ങിയ പശ്ചാത്തലത്തിലാണ് കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധം. മൂലമ്പിള്ളി പാക്കേജിന്റെ നടത്തിപ്പ് ഇനിയും പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ നിരവധി കുടുംബങ്ങൾ കണ്ടെയ്നർ റോഡിനോട് ചേർന്ന് അവശേഷിക്കുന്ന ഭൂമിയിൽ വീട് നിർമ്മാണത്തിന് അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷകൾ എല്ലാം തന്നെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്തിൽ ആയിരിക്കുകയാണ്. സംസ്ഥാന സർക്കാർ പൊതു താൽപര്യങ്ങൾ പരിഗണിച്ച് എത്രയും വേഗം സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ നിബന്ധനകൾ ഒഴിവാക്കുവാൻ പുനഃപരിശോധന ഹർജി നൽകണമെന്നും ആവശ്യപ്പെട്ടു. ഭൂമി മരവിപ്പിക്കൽ നടപടികൾക്കെതിരെ ജനകീയ സമ്മർദം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ പ്രതിരോധ സമിതി ഒക്ടോബർ 4 ഞായറാഴ്ച എറണാകുളം അധ്യാപക ഭവനിൽ വിളിച്ചുചേർക്കുന്ന കൂട്ടായ്മ വിജയിപ്പിക്കാൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.പി വിൽസൻ, മേജർ മൂസാകുട്ടി, ജോർജ്ജ് അമ്പാട്ട്, ജമാൽ മേലാത്ത്, പി. ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, പി എം മൈക്കിൾ, ഓസ്‌റ്റീൻ മൂലമ്പിള്ളി, സുരേഷ് പി.എസ് തുടങ്ങിയവർ സംസാരിച്ചു.






