
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ, വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച ട്രംപ്, ഇന്ന് രാത്രിയും ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
അങ്കാരയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രാത്രിയിൽ ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തിയെന്നും, ഇന്ന് രാത്രിയും സമാനമായ രീതിയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇത് ഒരു ചെറിയ മുന്നറിയിപ്പായി കാണാം. ഇന്ന് രാത്രി ഞങ്ങൾ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തും," എന്നാണ് ട്രംപ് പറഞ്ഞത്.
കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുന്നതടക്കമുള്ള നടപടികളിലൂടെ ഇറാൻ പ്രകോപനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ ആണവായുധ പദ്ധതിയെ അവസാനിപ്പിക്കുകയാണ് സൈനിക നടപടികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ഇറാൻ ഔദ്യോഗികമായി പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 47 വർഷമായി പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്ക് പ്രധാന കാരണക്കാരായി ഇറാൻ തുടരുകയാണെന്നും, ഇനി അവർ മറ്റാരെയും ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. "ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ല. അതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










