
വാഷിംഗ്ടൺ: ഇറാനെതിരായ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമഗ്രമായ കരാറിലെത്തുകയോ അല്ലെങ്കിൽ പൂർണമായി കീഴടങ്ങുകയോ ചെയ്താൽ മാത്രമേ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകൂവെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും ഒമാനുമായാണ് ആശയവിനിമയമെന്നുമുള്ള ഇറാന്റെ നിലപാട് ട്രംപ് തള്ളി. ചർച്ചകൾക്കായി ആദ്യം അമേരിക്കയെ സമീപിച്ചത് ഇറാൻ തന്നെയാണെന്നും, കൂടിക്കാഴ്ചകൾ ആരംഭിച്ച് തുടർചർച്ചകൾക്ക് ധാരണയായ ശേഷമാണ് പൊതുവേദിയിൽ വിരുദ്ധ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഇരട്ടത്താപ്പാണെന്നും ട്രംപ് വിമർശിച്ചു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന ഇറാന്റെ അവകാശവാദവും ട്രംപ് നിഷേധിച്ചു. അമേരിക്കൻ നാവികസേനയുടെ ശക്തമായ സാന്നിധ്യവും സുരക്ഷാ വിന്യാസവും കാരണം നിലവിൽ കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലേക്ക് ഒന്നും എത്തില്ലെന്നും, ഉപരോധങ്ങളിൽ ഇളവ് ലഭിക്കണമെങ്കിൽ സമഗ്ര കരാർ അനിവാര്യമാണെന്നും ട്രംപ് ആവർത്തിച്ചു. പതിറ്റാണ്ടുകളായി ഇറാൻ സൃഷ്ടിച്ച സുരക്ഷാ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും, ഇറാൻ ഒരിക്കലും ആണവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.










