08:14am 10 November 2026
NEWS
ട്രംപിന്റെ 'ബിഗ്, ബ്യൂട്ടിഫുൾ ബിൽ' ഇന്ന് നിയമമാകും
04/07/2025  07:32 AM IST
nila
ട്രംപിന്റെ ബിഗ്, ബ്യൂട്ടിഫുൾ ബിൽ ഇന്ന് നിയമമാകും

അമേരിക്കയിൽ ഏറെ വിവാദം സൃഷ്ടിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. 'ബിഗ്, ബ്യൂട്ടിഫുൾ ബിൽ' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന വിവാദ നികുതി ബിൽ സെനറ്റിന് പിന്നാലെ കോൺ​ഗ്രസിലും പാസായി. ഇന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കുന്നതോടെ നിയമം നിലവിൽ വരും. രാജ്യത്തിനകത്തും പുറത്തും തൊഴിൽ, കുടിയേറ്റ, സാമ്പത്തിക മേഖലകളിൽ വൻ സ്വാധീനമുണ്ടാക്കുന്നതാണ് 'ബിഗ്, ബ്യൂട്ടിഫുൾ ബിൽ'. 

റിപബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറികടന്നാണ് ബിൽ അമേരിക്കൻ കോൺ​ഗ്രസിൽ പാസായത്. 214നെതിരെ 218 വോട്ട് നേടിയാണ് ട്രംപ് തന്റെ സ്വപ്ന ബിൽ പാസാക്കിയെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് രണ്ട് അംഗങ്ങൾ മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. സെനറ്റിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ കാസ്റ്റിം​ഗ് വോട്ടോടെയാണ് ബിൽ പാസായത്. 

കുടിയേറ്റവിരുദ്ധ നടപടികൾക്ക് വൻതുക ചെലവിടാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. 2017ൽ ആദ്യമായി പ്രസിഡന്റായപ്പോൾ കൊണ്ടുവന്ന താൽക്കാലിക നികുതിനിർദേശങ്ങൾ സ്ഥിരമാക്കാനും 2024ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങളുമായി മുന്നോട്ടുപോകാനും ഇതോടെ ട്രംപിനു കഴിയും. ആരോഗ്യ, ഭക്ഷ്യസുരക്ഷാ രംഗങ്ങളിലെ വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രകൃതിസൗഹൃദ ഊർജ പദ്ധതികൾക്കുള്ള ഇളവുകൾ നിർത്തലാക്കുകയും ചെയ്യും.

ബില്ലിലെ നിർദേശങ്ങൾക്കെതിരെ സ്പേസ്എക്സ് ഉടമയും ട്രംപിന്റെ സുഹൃത്തുമായ ഇലോൺ മസ്ക് പരസ്യമായി രംഗത്തെത്തിയിരുന്നു.  അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡനും ബില്ലിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ക്രൂരമായ ബജറ്റ് ബിൽ എന്നായിരുന്നു ജോ ബൈഡൻ ബില്ലിനെ വിശേഷിപ്പിച്ചത്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img