
വാഷിങ്ടൺ: റഷ്യയിൽ നിന്നുള്ള ഒരു വൻ ക്രൂഡ് ഓയിൽ ടാങ്കർ ക്യൂബയിലേക്ക് പ്രവേശിക്കാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ടുകൾ. കർശനമായ എണ്ണ ഉപരോധങ്ങളെ തുടർന്ന് ക്യൂബ നേരിടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. റഷ്യയുടേതുൾപ്പെടെ ഏതെങ്കിലും രാജ്യങ്ങൾ ക്യൂബയിലേക്ക് ഇന്ധനം എത്തിക്കുന്നതിൽ അമേരിക്കയ്ക്ക് എതിർപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. “അവിടുത്തെ ജനങ്ങൾ ജീവിക്കാൻ ആവശ്യമായ ഊർജ്ജം ലഭിക്കണം” എന്നായിരുന്നു ഇതുസംബന്ധിച്ച് ട്രംപിന്റെ പ്രതികരണം.
ക്യൂബയ്‌ക്കെതിരെ കടുത്ത സാമ്പത്തിക-ഇന്ധന നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്ന ട്രംപ് ഭരണകൂടത്തിന്റെ മുൻ നിലപാടുകളിൽ നിന്നുള്ള വലിയ മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ വെനസ്വേലയിൽ നിന്നുള്ള എണ്ണവിതരണം നിലച്ചതും മറ്റ് രാജ്യങ്ങൾക്ക് അമേരിക്ക ഉയർത്തിയ സമ്മർദ്ദവും ക്യൂബയെ ഗുരുതര ഇന്ധനക്ഷാമത്തിലേക്ക് തള്ളിയിരുന്നു.
ഈ സാഹചര്യത്തിൽ ക്യൂബയ്ക്ക് സഹായം നൽകാൻ തയ്യാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ സൂചനയും നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഈ അനുമതി പുതിനെ സഹായിക്കുന്നതാണെന്ന വിമർശനങ്ങൾ ട്രംപ് തള്ളിക്കളഞ്ഞു. “ഒരു കപ്പൽ എണ്ണ മാത്രം — അതിൽ വലിയ പ്രശ്നമൊന്നുമില്ല,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ പതാക വഹിക്കുന്ന ‘അനാറ്റോലി കൊളോഡ്കിൻ’ എന്ന ടാങ്കർ ഏകദേശം 7.3 ലക്ഷം ബാരൽ എണ്ണയുമായി ക്യൂബൻ തീരത്തിന് സമീപം എത്തിയിട്ടുണ്ട്. ഹോൾഗിൻ പ്രവിശ്യയ്ക്ക് സമീപം ഇതിനകം സാന്നിധ്യം രേഖപ്പെടുത്തിയ കപ്പൽ ഉടൻ തന്നെ മാറ്റാൻസാസ് തുറമുഖത്ത് നങ്കൂരമിടുമെന്നാണ് വിവരം.
ഇന്ധനക്ഷാമം മൂലം ക്യൂബയിൽ വൈദ്യുതി തടസ്സങ്ങൾ, ആശുപത്രി സേവനങ്ങളിൽ തടസം, ഗതാഗത പ്രശ്നങ്ങൾ തുടങ്ങിയവ രൂക്ഷമായ സാഹചര്യത്തിൽ, ഈ നീക്കം രാജ്യത്തിന് താൽക്കാലിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഈ തീരുമാനം ആഗോള രാഷ്ട്രീയ ബന്ധങ്ങളിൽ എന്ത് സ്വാധീനം ചെലുത്തുമെന്നത് ശ്രദ്ധിക്കപ്പെടുന്ന വിഷയമായി തുടരുന്നു.










