
വാഷിങ്ടൺ: ഇറാൻ കൊലപ്പെടുത്തുമോ എന്ന ഭയത്താൽ തന്റെ ഔദ്യോഗിക വിമാനം ഉപേക്ഷിച്ച് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമാണ് ട്രംപിന്റെ യാത്രയിൽ അപ്രതീക്ഷിതവും അതീവ രഹസ്യവുമായ വിമാനമാറ്റം നടന്നത്. ഇറാനിൽനിന്നുള്ള വധഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കമെന്നാണ് റിപ്പോർട്ട്.
ഖത്തർ സമ്മാനിച്ച ബോയിങ് വിമാനത്തിലാണ് ട്രംപ് തുർക്കിയിലെത്തിയത്. നിലവിൽ ഇതാണ് ട്രംപ് ‘എയർഫോഴ്സ് വൺ’ ആയി ഉപയോഗിക്കുന്നത്. അങ്കാറ വിമാനത്താവളത്തിൽ ട്രംപ് എയർഫോഴ്സ് വണ്ണിൽ കയറുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പകർത്തുകയും ചെയ്തു.
എന്നാൽ അതിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ നീക്കം മാറ്റിയത്. വിമാനത്തിന്റെ ഒരു വശത്ത് ട്രംപ് കയറിയതിന് പിന്നാലെ മറുവശത്ത് ഭക്ഷണവും മറ്റ് സാധനങ്ങളും കയറ്റാൻ ഉപയോഗിക്കുന്ന കേറ്ററിങ് ട്രക്ക് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനമുള്ള ട്രക്കിന്റെ കണ്ടെയ്നർ വിമാനത്തിന്റെ വാതിലിനോട് ചേർത്ത് ഉയർത്തി.
മാധ്യമങ്ങളുടെയും വിമാനത്താവളത്തിലെ മറ്റുള്ളവരുടെയും ശ്രദ്ധയിൽപ്പെടാതെ ട്രംപിനെ ഈ വഴിയാണ് വിമാനത്തിൽനിന്ന് പുറത്തേക്ക് മാറ്റിയത്. തുടർന്ന് താരതമ്യേന ചെറിയ സൈനിക വിമാനമായ എയർഫോഴ്സ് സി–32എയിലേക്ക് അദ്ദേഹത്തെ മാറ്റി.
ട്രംപ് എയർഫോഴ്സ് വണ്ണിൽ തന്നെയുണ്ടെന്നായിരുന്നു മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസിലെ ചില ജീവനക്കാരും കരുതിയത്. യാത്രയുടെ യഥാർഥ വിവരം പുറത്തറിയാതിരിക്കാനുള്ള സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കമെന്നാണ് റിപ്പോർട്ട്.
സി–32എയിൽ ട്രംപ് ബ്രിട്ടനിലേക്കാണ് യാത്ര ചെയ്തത്. പിന്നീട് എയർഫോഴ്സ് വണ്ണും ബ്രിട്ടനിലെത്തി. അതിനുശേഷം ട്രംപ് വീണ്ടും എയർഫോഴ്സ് വണ്ണിൽ കയറി അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.
ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി. ഇറാനിൽനിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രസിഡന്റിന്റെ യാത്രാ വിവരങ്ങൾ രഹസ്യമാക്കി സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ അസാധാരണ വിമാനമാറ്റം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.










