
വാഷിങ്ടൺ: ഇറാന്റെ ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതായി കരുതുന്ന സാഗ്രോസ് മലനിരയിലെ ഭൂഗർഭ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നടാൻസ് ആണവ നിലയത്തിന് സമീപത്തെ 'പിക്ക്ആക്സ് മൗണ്ടൻ' തുരങ്ക സമുച്ചയത്തിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഇറാൻ മാറ്റിയതായി ഇസ്രായേൽ രഹസ്യാന്വേഷണ വിവരങ്ങൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം വൈകില്ലെന്ന സൂചന ട്രംപ് നൽകിയത്.
ഇറാൻ എന്തെങ്കിലും ആക്രമണത്തിന് മുതിർന്നാൽ അതിന് പത്തിരട്ടിയായി തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും മുന്നറിയിപ്പ് നൽകി.
യു.എസ്, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2025 ജൂണിൽ 12 ദിവസം നീണ്ട യുദ്ധത്തിന് മാസങ്ങൾക്കുശേഷമാണ് ആണവ ഉപകരണങ്ങൾ പിക്ക്ആക്സ് കേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് ഇസ്രായേൽ ഇന്റലിജൻസിന്റെ വിലയിരുത്തൽ. അന്നത്തെ ആക്രമണത്തിൽ നടാൻസ്, ഫോർഡോ ഉൾപ്പെടെയുള്ള പ്രധാന ആണവ കേന്ദ്രങ്ങൾ വൻനാശനഷ്ടം നേരിട്ടിരുന്നെങ്കിലും, പിക്ക്ആക്സ് കേന്ദ്രം സുരക്ഷിതമായി തുടരുകയായിരുന്നു.
ഫെബ്രുവരി 28 മുതൽ ആരംഭിച്ച പുതിയ വ്യോമാക്രമണ പരമ്പരയിലും ഈ ഭൂഗർഭ കേന്ദ്രത്തിന് കേടുപാടുകളുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 300 അടിയിലധികം ആഴത്തിൽ ഗ്രാനൈറ്റ് പാറകൾക്കടിയിലായതിനാൽ ഈ കേന്ദ്രം ആക്രമിക്കുക അതീവ ദുഷ്കരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതേസമയം, മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ബഹ്റൈനിലെ ആമസോൺ ഡാറ്റാ ഹബ്ബ് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിന് സമീപം യുഎഇ തീരത്തോട് ചേർന്ന് ഒരു കപ്പൽ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സൗദി അറേബ്യയ്ക്കെതിരെ ഹൂത്തി വിമതർ നാവിക ഉപരോധം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കജനകമായി മാറുകയാണ്.










