
വാഷിങ്ടൺ: ഇറാൻ ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം തകർന്നെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നേതൃത്വ പ്രതിസന്ധി ശക്തമായിരിക്കുന്ന സാഹചര്യത്തിൽ അടച്ചിട്ടിരിക്കുന്ന ഹോർമുസ് തുറക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി ട്രംപ് വ്യക്തമാക്കി. ഇതിനായി ഇറാൻ അമേരിക്കയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമായതോടെ ആഗോള വ്യാപാരത്തിന് നിർണായകമായ ഈ കടൽമാർഗം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. നിരവധി കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ തുറമുഖങ്ങൾക്കെതിരായ ഉപരോധം പിൻവലിച്ചാൽ കടലിടുക്ക് തുറക്കാമെന്ന ഒരു ഇടക്കാല ധാരണയ്ക്ക് ഇറാൻ തയ്യാറാണെന്ന സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും, പ്രധാന പ്രശ്നങ്ങളിൽ ഇനിയും ഇരുരാജ്യങ്ങൾ തമ്മിൽ അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ല.










