
നിയുക്ത ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുവരും തമ്മിൽ വലിയ വാക്പോര് തുടരുന്നതിനിടെയാണ് മംദാനിയുമായി കൂടിക്കാഴ്ച്ച നടത്താൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചത്. ഫ്ലോറിഡയിൽ നിന്ന് വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
“ന്യൂയോർക്ക് മേയർ ഞങ്ങളുമായി സംസാരിക്കാൻ തയാറാണെന്ന് എനിക്ക് തോന്നുന്നു. ന്യൂയോർക്കിന്റെ വികസനത്തിന് മികച്ച പാത കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും” - ട്രംപ് പറഞ്ഞു. മംദാനിയുമായി കൂടിക്കാഴ്ചയ്ക്കുള്ള ട്രംപിന്റെ പ്രഖ്യാപനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചെങ്കിലും, തീയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ന്യൂയോർക്കിന്റെ നന്മയ്ക്കായി സഹകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് മംദാനിയുടെ ഓഫിസും പ്രതികരിച്ചു.
ചില ദിവസങ്ങൾക്ക് മുൻപ് തന്നെ മംദാനിയെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ട്രംപ്, അദ്ദേഹത്തെ “കമ്യൂണിസ്റ്റ്” എന്നു വിളിക്കുകയും ഫെഡറൽ സഹായം നിഷേധിക്കുമെന്നും ന്യൂയോർക്കിന് ഇത് ദോഷകരമാണെന്നും പറഞ്ഞിരുന്നു. യുഗാണ്ടയിൽ ജനിച്ച് പിന്നീട് യുഎസ് പൗരത്വം നേടിയ മംദാനിയെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് വരെ ട്രംപ് പ്രസ്താവിച്ചിരുന്നു. മറുപടിയായി, ട്രംപിനെ തോൽപ്പിക്കാനുള്ള മാർഗം ന്യൂയോർക്ക് തെളിയിച്ചുവെന്നായിരുന്നു മംദാനിയുടെ വിജയപ്രസംഗം. ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് പിന്നാലെ തന്നെയാണ് ഇരുവിഭാഗവും സഹകരണം സാദ്ധ്യമെന്ന് സൂചിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ജനുവരിയിലാണ് മംദാനി മേയറായി ചുമതലയേറ്റെടുക്കുന്നത്.











