
ന്യൂയോർക്ക്: വിസ സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങൾ നേരിടുന്ന ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഹാരി രാജകുമാരനെ അമേരിക്കയിൽ തുടരാൻ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് 'അയാളെ ഞാൻ വെറുതെ വിടുകയാണ്' എന്ന് ട്രംപ് പറഞ്ഞത്.
''എനിക്ക് അദ്ദേഹത്തെ നാടുകടത്താൻ താത്പര്യമില്ല. അയാളെ ഞാൻ വെറുതെ വിടുകയാണ്. അല്ലെങ്കിൽ തന്നെ ഹാരിക്ക് അദ്ദേഹത്തിന്റെ ഭാര്യയുമായി നിരവധി പ്രശ്‌നങ്ങളുണ്ട്''. ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. ഹാരിക്കും മേഗനുമെതിരേ ഡൊണാൾഡ് ട്രംപ് നടത്തിവരുന്ന അതിക്ഷേപങ്ങളുടെ തുടർച്ചയായും ഇപ്പോഴത്തെ പ്രസ്താവനയെ വിലയിരുത്തുന്നുണ്ട്. അമേരിക്കയുടെ മുൻ പ്രസിഡന്റ് ആയിരുന്ന ബൈഡന്റെ പരിഗണന ലഭിക്കുന്ന ദമ്പതിമാരാണ് ഹാരിയും മേഗനുമെന്ന് ട്രംപ് മുമ്പ് വിമർശിച്ചിട്ടുണ്ട്.
2020-ലാണ് ഹാരിയും ഭാര്യ മേഗൻ മർക്കലും ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാലിഫോർണിയയിലേക്ക് എത്തുന്നത്. അതിനുശേഷം ഇരുവരും നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഉൾപ്പെടെ നിരവധി സംരംഭങ്ങളും ആരംഭിച്ചിരുന്നു.











