
ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനമായിരുന്നു അതെന്നും തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഖത്തറിൽ ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് താൻ ഖത്തർ ഭരണകൂടത്തിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത് ഇങ്ങനെ:
'ഹമാസിന് നേരെ ഇസ്രയേൽ ആക്രമണം നടത്തുകയാണെന്ന് യുഎസ് സൈന്യം ട്രംപ് ഭരണക്കൂടത്തെ അറിയിച്ചു. നിർഭാഗ്യവശാൽ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലായിരുന്നു ആക്രമണം. ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റേതാണ്, എന്റേതല്ല. യുഎസിന്റെ അടുത്ത സഖ്യകക്ഷിയായ ഖത്തറിനുള്ളിൽ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ യുഎസിന്റെയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ല. അതേസമയം ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകളിൽ നിന്ന് നേട്ടമുണ്ടാക്കുന്ന ഹമാസിനെ തുടച്ചുനീക്കുന്നത് ഉചിതമായ ലക്ഷ്യമാണ്. വരാനിരിക്കുന്ന ആക്രമണത്തെക്കുറിച്ച് ഖത്തറിനെ അറിയിക്കാൻ സ്റ്റീവ് വിറ്റ്‌കോഫിനോട് നിർദേശിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആക്രമണം തടയാൻ കഴിയാത്തവിധം വൈകിപ്പോയിരുന്നു. ഖത്തറിനെ അടുത്ത സുഹൃത്തും സഖ്യകക്ഷിയുമായാണ് യു.എസ് കാണുന്നത്. ആക്രമണം നടന്ന സ്ഥലത്തെക്കുരിച്ച് ആലോചിക്കുമ്പോൾ എനിക്ക് വളരെ ദുഖമുണ്ട്. എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടുകിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ ഈ യുദ്ധം ഉടൻ അവസാനിക്കണം. ആക്രമണത്തിന് പിന്നാലെ ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചിരുന്നു. സമാധാനം പുലർത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ ദൗർഭാഗ്യകരമായ സംഭവം സമാധാനത്തിനുളള ഒരു അവസരമായി മാറിയേക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. ഖത്തൽ പ്രധാനമന്ത്രിയുമായും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ രാജ്യത്തോടുള്ള അവരുടെ പിന്തുണയ്ക്കും സൗഹൃദത്തിനും നന്ദി അറിയിച്ചു. അവരുടെ മണ്ണിൽ ഇത്തരമൊരു സംഭവം ആവർത്തിക്കില്ലെന്ന് ഞാൻ ഉറപ്പുനൽകി. ഖത്തറുമായുള്ള പ്രതിരോധ സഹകരണ കരാർ അന്തിമമാക്കാൻ ഞാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്'











