02:15pm 28 October 2026
NEWS
ഇറാനിൽ നിന്നും അമൂല്യമായ രഹസ്യ സമ്മാനം ലഭിച്ചെന്ന് ട്രംപ്
25/03/2026  12:00 PM IST
nila
ഇറാനിൽ നിന്നും അമൂല്യമായ രഹസ്യ സമ്മാനം ലഭിച്ചെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനിൽ നിന്ന് ലഭിച്ച ഒരു ‘രഹസ്യ സമ്മാനം’ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ടതും എണ്ണ-പ്രകൃതിവാതക മേഖലകളോട് ബന്ധമുള്ളതുമായതാണ് ഈ സമ്മാനമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ അതിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല. സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് സസ്പെൻസ് നിലനിർത്തിയുള്ള ട്രംപിന്റെ പ്രതികരണം.

“ഇത് വലിയ സാമ്പത്തിക മൂല്യമുള്ള, അമൂല്യമായ ഒരു സമ്മാനമാണ്. എന്താണ് അത് എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷേ അത് വളരെ പ്രധാനപ്പെട്ടതാണ്,” എന്നായിരുന്നു വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപിന്റെ പ്രതികരണം. ഈ സമ്മാനം ലഭിച്ചതോടെ ശരിയായ ആളുകളുമായാണ് അമേരിക്ക ഇപ്പോൾ ഇടപെടുന്നതെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ബന്ധത്തിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാമെന്ന സൂചനകളും ട്രംപ് നൽകി. വെടിനിർത്തലിന് സാധ്യതയുണ്ടെന്ന വിലയിരുത്തലും അദ്ദേഹം പങ്കുവച്ചു. സമ്മാനം ആണവ വിഷയങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും, ഊർജ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസും ഇസ്രായേലും ചേർന്ന് ഇറാനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ആഗോള വ്യാപാരത്തിന്റെയും എണ്ണ ഗതാഗതത്തിന്റെയും പ്രധാന വഴിയായ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചത് ലോകവ്യാപകമായ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. അതേസമയം, ഇറാനുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായി ട്രംപ് അവകാശപ്പെട്ടു. കരാറിലേക്ക് നീങ്ങാൻ ഇറാൻ നേതൃത്വം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ അമേരിക്കയുമായോ ഇസ്രായേലുമായോ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

ഇതിനിടെ, ഇറാന്റെ ഊർജ്ജ സൗകര്യങ്ങൾക്കെതിരെ ആസൂത്രണം ചെയ്തിരുന്ന സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കാൻ ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചർച്ചകൾ മുന്നേറുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ സമഗ്രമായ പരിഹാരത്തിലേക്ക് നീങ്ങുകയാണ് ലക്ഷ്യമെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img