08:37am 19 April 2026
NEWS
ഇന്നു രാത്രിയിൽ ഇറാന്റെ അവസാനമെന്ന് ട്രംപ്
07/04/2026  09:17 PM IST
nila
ഇന്നു രാത്രിയിൽ ഇറാന്റെ അവസാനമെന്ന് ട്രംപ്

ടെഹ്റാൻ: ഇറാനു നേരേ ഇന്നു രാത്രിയിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം ഇന്ത്യൻ സമയം  ബുധനാഴ്ച പുലർച്ചെ 5.30ന് അവസാനിക്കും. ഈ സമയപരിധി അവസാനിക്കും മുമ്പാണ് ഇറാന്റെ സർവനാശം എന്ന് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. 

 ‘തിരികെക്കിട്ടാൻ ആകാത്തവിധം ഇറാൻ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും’ – ട്രംപ് കുറിച്ചു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കും ഇന്ന് രാത്രിയുണ്ടാകുക എന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും ട്രംപ് സൂചിപ്പിക്കുന്നു. "എന്നിരുന്നാലും, ഇപ്പോൾ നമുക്ക് പൂർണമായ ഭരണമാറ്റം ലഭിച്ചിരിക്കുന്നു, അവിടെ വ്യത്യസ്തവും മിടുക്കരുമായ, തീവ്ര ചിന്താഗതിയില്ലാത്തവരും നിലനിൽക്കുന്ന സാഹചര്യത്തിൽ വിപ്ലവകരമായ എന്തെങ്കിലും അത്ഭുതങ്ങൾ നടന്നേക്കാം, ആർക്കറിയാം?. ലോകത്തിന്റെ ദീർഘവും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായ ഇന്ന് രാത്രി നമ്മൾ അത് കണ്ടെത്തും."- അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 

അതേസമയം, ഇറാനിലെ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഇറാന്റെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും അമേരിക്ക നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വാൻസ് പറഞ്ഞു. ‘ഖാർഗ് ദ്വീപിലെ ചില സൈനികകേന്ദ്രങ്ങൾ ആക്രമിക്കാൻ ഞങ്ങൾ പുറപ്പെട്ടിരുന്നു. അത് ചെയ്തു കഴിഞ്ഞുവെന്നുവെന്നാണ് കരുതുന്നത്’ – വാൻസ് പറഞ്ഞു. ഇറാനിൽ യുഎസിനുണ്ടായിരുന്ന സൈനിക ലക്ഷ്യങ്ങൾ ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞെന്നും ഇനി പന്ത് ഇറാന്റെ കോർട്ടിലാണെന്നും വാൻസ് കൂട്ടിച്ചേർത്തു. അതിനിടെ, ഇറാനിലെ കഷാനിലുള്ള റെയിൽവേ പാലം ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തി. രണ്ടുപേർ മരിച്ചു. യഹ്യ അബാദ് പാലത്തിനു നേരെയാണ് ആക്രമണമുണ്ടായത്. അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂർ തുടരുക എന്ന് ഇറാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ തന്നെ തുടരണം. വൈദ്യുത നിലയങ്ങളുടെയോ സൈനിക കേന്ദ്രങ്ങളുടെയോ സമീപത്തും ബഹുനിലക്കെട്ടിടങ്ങളുടെ മുകൾനിലയിലും പോകരുതെന്നും എംബസി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img