11:14pm 03 June 2026
NEWS
ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ട്രംപ്
03/06/2026  08:21 PM IST
nila
ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ചർച്ചകളിൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയി ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്‌സ് വൺ’ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നും അത് ചർച്ചകളിലെ പ്രധാന നേട്ടങ്ങളിലൊന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ ആണവായുധ ശേഷി കൈവരിക്കുന്നത് അമേരിക്ക അനുവദിക്കില്ലെന്ന് ആവർത്തിച്ച ട്രംപ്, ചർച്ചകളിൽ നേടിയ പുരോഗതി നിർണായകമാണെന്നും പറഞ്ഞു. ഇതേ നിലപാടാണ് വൈറ്റ്ഹൗസും വ്യക്തമാക്കിയത്. ചർച്ചകളിലൂടെ രൂപപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

മൊജ്തബ ഖമനേയിക്ക് ഇറാനിൽ വലിയ സ്വാധീനവും ജനപിന്തുണയും ഉണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇസ്രയേൽ-അമേരിക്കൻ ആക്രമണത്തിൽ ഖമനേയിക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. സാഹചര്യങ്ങൾ അനുകൂലമായാൽ ഭാവിയിൽ ഖമനേയിയുമായി കൂടിക്കാഴ്ച നടന്നേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇറാനിയൻ എണ്ണക്കപ്പലിനെ അമേരിക്ക ലക്ഷ്യമിട്ടതിനെ തുടർന്ന് കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

മധ്യപൂർവേഷ്യയിൽ മറ്റൊരു യുദ്ധം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് പറഞ്ഞു. മുൻ സൈനിക നടപടികളിലൂടെ ഇറാന്റെ സൈനിക ശേഷിക്ക് വലിയ തിരിച്ചടി നൽകിയിട്ടുണ്ടെന്നും ഇനി സാധ്യമായിടത്തോളം സംഘർഷം ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img