10:59pm 28 October 2026
NEWS
ഗാസ സമാധാന ബോർഡിലേക്ക് ഇന്ത്യക്കും ക്ഷണം
19/01/2026  06:40 AM IST
nila
ഗാസ സമാധാന ബോർഡിലേക്ക് ഇന്ത്യക്കും ക്ഷണം

ന്യൂയോർക്ക്: ഗാസ സമാധാന ബോർഡിൽ അംഗമാകാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.  ഗാസ മേഖലയിലെ നീണ്ടുനിൽക്കുന്ന സംഘർഷത്തിന് വിരാമമിടുകയെന്ന ലക്ഷ്യത്തോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് ​ഗാസ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രായേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണായക നീക്കമായാണ് ഗാസ സമാധാന ബോർഡിന്റെ രൂപീകരണമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളെ ബോർഡിലേക്ക് ക്ഷണിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാകിസ്ഥാൻ എന്നിവരെയും സമാധാന ബോർഡിൽ ചേരാൻ അമേരിക്ക ക്ഷണിച്ചതായി അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നു. ഇതിനുമുമ്പ് കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾക്കും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഗാസയുടെ പുനർനിർമ്മാണത്തിനായി ഈ സമാധാന സംരംഭത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.

സമാധാന ബോർഡിൽ ഒടുവിൽ എത്ര രാജ്യങ്ങൾ അംഗമാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം സമ്മേളനത്തിനിടെ സമാധാന ബോർഡിലെ അന്തിമ അംഗ പട്ടിക അമേരിക്ക പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

2024 ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനോടനുബന്ധിച്ച്, ഗാസയിലെ സാഹചര്യം നിരീക്ഷിക്കുന്നതിനായാണ് ഈ സമാധാന ബോർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗാസയിൽ പുതിയ പലസ്തീൻ കമ്മിറ്റി രൂപീകരിക്കൽ, അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കൽ, ഹമാസിന്റെ നിരായുധീകരണം, യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണം എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് ബോർഡിന് നൽകിയിരിക്കുന്ന പ്രധാന ചുമതലകൾ.

സമാധാന ബോർഡിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനായി പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഗബ്രിയേൽ, ഇസ്രായേലി വ്യവസായി യാകിർ ഗബേ എന്നിവരും വെടിനിർത്തൽ മേൽനോട്ടം വഹിക്കുന്ന ഖത്തർ, ഈജിപ്ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും ഈ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, ഗാസ സമാധാന ബോർഡ് രൂപീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇസ്രയേൽ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img