
താനില്ലായിരുന്നെങ്കിൽ ആറ് വലിയ യുദ്ധങ്ങളുണ്ടാകുമായിരുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യാ - പാക് സംഘർഷം അവസാനിച്ചതും തന്റെ ഇടപെടലിനെ തുർന്നാണെന്നും ട്രംപ് ആവർത്തിച്ചു. മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് താൻ ഇന്ത്യാ - പാക് സംഘർഷത്തിന് വിരാമമിട്ടതെന്നും ട്രംപ് അവകാശപ്പെട്ടു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്കോട്ലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അമേരിക്കൻ പ്രസിഡന്റ് താൻ നടത്തിയ സമാധാന ശ്രമങ്ങളെ കുറിച്ച് വാചാലനായത്.
"ഞാൻ ഇല്ലായിരുന്നുവെങ്കിൽ, ആറു വലിയ യുദ്ധങ്ങൾ സംഭവിക്കുമായിരുന്നു. ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്യുമായിരുന്നു" – ട്രംപ് പറഞ്ഞു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും നേതാക്കളെ തനിക്കറിയാം. അവർ യുഎസുമായുള്ള വ്യാപാര കരാറിന്റെ പിന്നാലെയാണ്. എന്നിട്ടും അവർ ആണവായുധങ്ങളെക്കുറിച്ച് സംസാരിക്കുന്നു... ഇത് ഭ്രാന്താണ്. ഈ നില തുടർന്നാൽ ഇരുരാജ്യങ്ങളുമായി വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് യുദ്ധം ഒഴിവായതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ–പാക് യുദ്ധം ഒഴിവാക്കാൻ സാധിച്ചതു പോലെ, വ്യാപാര ചർച്ചകൾ ഉപകരണമായി ഉപയോഗിച്ച് തായ്ലൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷവും തടയാൻ കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. റുവാണ്ടയ്ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്കും ഇടയിൽ താൻ മധ്യസ്ഥത വഹിച്ച സമാധാന കരാറിനെക്കുറിച്ചും സെർബിയയ്ക്കും കൊസോവോയ്ക്കും ഇടയിൽ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സംഘർഷം എങ്ങനെ തടഞ്ഞുവെന്നും ട്രംപ് ഓർമിപ്പിച്ചു. എന്നാൽ, യുഎസ് മധ്യസ്ഥതയില്ലാതെ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെ തുടർന്നാണ് യുദ്ധം അവസാനിച്ചതെന്നാണ് ഇന്ത്യയുടെ വാദം.











