
ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ യുഎസ് അധികനികുതി ചുമത്താൻ സാധ്യതയില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക അധിക താരിഫുകൾ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഇന്ത്യയെ ബാധിക്കുമായിരുന്നു എന്ന ആശങ്കയുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായി യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയ ശേഷമാണ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അധിക നികുതി ചുമത്താനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുമെന്ന സൂചന ട്രംപ് നൽകിയത്.
"ശരി, അദ്ദേഹത്തിന് (റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്) ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു. അതായത് ഇന്ത്യ, എണ്ണയുടെ 40 ശതമാനത്തോളം ഇന്ത്യയാണ് വാങ്ങുന്നത്. ദ്വിതീയ ഉപരോധം അല്ലെങ്കിൽ ദ്വിതീയ താരിഫ് എന്ന് വിളിക്കുന്നത് ഞാൻ ചെയ്താൽ, അത് അവരുടെ കാഴ്ചപ്പാടിൽ നിന്ന് വളരെ വിനാശകരമായിരിക്കും. അത് ചെയ്യേണ്ടിവന്നാൽ, ഞാൻ അത് ചെയ്യും. ഒരുപക്ഷേ ഞാൻ അത് ചെയ്യേണ്ടതില്ലായിരിക്കാം, ”ട്രംപ് പറഞ്ഞു.











