
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ താൻ സജ്ജനാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് വാൻസ് ഇക്കാര്യം പറഞ്ഞത്. ട്രംപ് പ്രസിഡന്റ് പദവിയിൽ കാലാവധി പൂർത്തിയാക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുപത്തൊൻപതുകാരനായ ട്രംപിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകരോടായിരുന്നു അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പ്രതികരണം.
പ്രസിഡന്റിന്റെ ആരോഗ്യത്തെപ്പറ്റി ആശങ്ക വേണ്ടെന്നും വാൻസ് പറഞ്ഞു. ‘വൈസ് പ്രസിഡന്റ് എന്ന നിലയിൽ കഴിഞ്ഞ 200 ദിവസത്തെ അനുഭവം പ്രസിഡന്റിന്റെ ചുമതല ഭംഗിയായി നിർവഹിക്കാൻ എന്നെ സജ്ജനാക്കി. എന്നാൽ എനിക്ക് ഇക്കാര്യത്തിൽ തിടുക്കമില്ല’– അദ്ദേഹം പറഞ്ഞു. ‘അമേരിക്കയെ വീണ്ടും മഹത്തായതാക്കാൻ’ (മാഗ) വാൻസ് (41) ആണ് തന്റെ പിൻഗാമിയാകാൻ യോഗ്യനെന്ന് ട്രംപ് ഈയിടെ പറഞ്ഞിരുന്നു.











