
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറൽ അസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.
ഇറാൻ ഭരണകൂടത്തിനുള്ളിലെ രാഷ്ട്രീയ ഭിന്നതകൾ പരിഗണിച്ച്, രാജ്യം ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം ഒഴിവാക്കാനാണ് അമേരിക്കയുടെ തീരുമാനം.ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ചർച്ചാ നിർദ്ദേശങ്ങൾ വരുന്നത് വരെ നിലവിലെ വെടിനിർത്തൽ തുടരും.എന്നാൽ സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇറാന് മേലുള്ള നാവിക ഉപരോധം (Blockade) തുടരാൻ ട്രംപ് സൈന്യത്തിന് കർശന നിർദ്ദേശം നൽകി.ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് സാവകാശം നൽകണമെന്ന പാകിസ്ഥാന്റെ ആവശ്യം യുഎസ് അംഗീകരിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പുതിയ നീക്കം. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാകിസ്ഥാനിലേക്ക് പുറപ്പെടാനിരുന്നതെങ്കിലും നിലവിൽ യാത്ര മാറ്റിവെച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം, ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കൻ നടപടികളെ ഇറാൻ രൂക്ഷമായി വിമർശിച്ചു.
"ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് യുദ്ധപ്രഖ്യാപനമാണ്. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്," എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എക്സിൽ (X) കുറിച്ചു.
ഒരു ചരക്ക് കപ്പൽ ആക്രമിക്കുകയും ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും ഇറാൻ ആരോപിച്ചു. വരും ദിവസങ്ങളിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ച് നടക്കുന്ന നയതന്ത്ര നീക്കങ്ങൾ മേഖലയിലെ സമാധാനത്തിന് നിർണ്ണായകമാകും.










