
അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തുന്ന ആക്രമണം അവസാനഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
യുദ്ധം നാലോ അഞ്ചോ ആഴ്ചകൾ നീണ്ടുനിൽക്കും എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വെളിപ്പെടുത്തി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് വളരെ വേഗത്തിൽ അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവിക സേനയേയും വ്യോമസേനയേയും പൂർണമായും തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ സൈനിക ശേഷി വലിയ തോതിൽ തകർന്നുവെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. രാജ്യത്തിന് കാര്യമായ നാവികസേനയോ വ്യോമസേനയോ ആശയവിനിമയ സംവിധാനങ്ങളോ ഇനി ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇറാന്റെ മിസൈൽ സംവിധാനങ്ങളും ഡ്രോണുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. സൈനികപരമായി ഇറാൻ ഏറെ ബലഹീനമായ സാഹചര്യത്തിലാണെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള സാധ്യതകൾ അമേരിക്ക പരിഗണിക്കുന്നുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാൻ ഇനി കൂടുതൽ നടപടികൾക്ക് ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താൽ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.











