
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്ത് വിവാദമാകുന്നു. റേഡിയോ അവതാരകനായ മൈക്കൽ സാവേജ് എഴുതിയ നാല് പേജുള്ള ഈ കത്തിൽ വംശീയ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് വിവാദമാകുന്നത്. ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ കടുത്ത അപമാനകരമായ രീതിയിലാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ജനനത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന അമേരിക്കൻ നിയമത്തിനെതിരെ വാദിക്കുന്നതിനിടെയാണ് സാവേജ് ഈ വിവാദ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ ഇവിടെ വന്ന് കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ അവർക്ക് ഇൻസ്റ്റന്റ് പൗരത്വം ലഭിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ പൗരത്വം നേടുന്നതിലൂടെ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റ് നരകക്കുഴികളിൽ നിന്നും അവർ തങ്ങളുടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്ന് മൈക്കൽ സാവേജ് പരിഹസിക്കുന്നു. ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാരെ ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ എന്നും നമ്മുടെ പതാകയെ ചവിട്ടിമെതിക്കുന്നവർ എന്നും കത്തിൽ അധിക്ഷേപിക്കുന്നുണ്ട്.
കൂടാതെ, കാലിഫോർണിയയിലെ സാങ്കേതിക മേഖലയിലെ ജോലികളിൽ വിദേശജന്മക്കാരുടെ ആധിപത്യം വർധിച്ചതോടെ സ്വദേശികൾക്ക് അവസരങ്ങൾ കുറയുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കുടിയേറ്റക്കാർ പൊതുസേവനങ്ങളും ക്ഷേമപദ്ധതികളും ദുരുപയോഗം ചെയ്യുന്നതിലൂടെ നികുതിദായകർക്ക് സാമ്പത്തികഭാരം ഉണ്ടാകുന്നതായും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ജനനത്തിലൂടെ പൗരത്വം നൽകുന്ന സംവിധാനം മാറ്റാൻ കോടതി ഇടപെടലുകൾക്കുപകരം ദേശീയ തലത്തിലുള്ള വോട്ടെടുപ്പ് നടത്തണമെന്നാണ് സാവേജിന്റെ നിർദേശം. കുടിയേറ്റ അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനെതിരെ കടുത്ത വിമർശനവും കത്തിൽ ഉന്നയിക്കുന്നു.
ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് തന്നെ കടുത്ത നിലപാട് എടുത്തിരുന്ന ട്രംപ്, മാതാപിതാക്കളിൽ ഒരാൾ എങ്കിലും അമേരിക്കൻ പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആയിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഈ വിഷയത്തിൽ യുഎസ് സുപ്രീം കോടതി മുമ്പും ഇടപെട്ടിട്ടുണ്ട്.










