
റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന ഉറപ്പ് തനിക്ക് ലഭിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പുനൽകിയെന്നാണ് ട്രംപ് പറഞ്ഞത്. അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് സമാനമായ പ്രസ്താവന നടത്തുന്നത്. എന്നാൽ, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് സംബന്ധിച്ച് ട്രംപും മോദിയുമായി ടെലഫോൺ സംഭാഷണം നടന്നിട്ടില്ല എന്നാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റഷ്യൻ എണ്ണ വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പുനൽകിയെന്ന് ട്രംപ് പറഞ്ഞത്. ‘‘ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ഞാൻ സംസാരിച്ചു, റഷ്യൻ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു’’ – ട്രംപ് പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മിൽ ഫോൺ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ, ‘‘അങ്ങനെ പറയാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, വലിയ തോതിലുള്ള തീരുവകൾ അവർക്കു നേരിടേണ്ടിവരും. അങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കാൻ അവർക്ക് താൽപര്യം ഉണ്ടാകില്ല’’ –എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 50ശതമാനം തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റിൽ നിലവിൽ വരികയും ചെയ്തു. യുക്രെയ്നുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കു മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്.











