11:34am 03 September 2026
NEWS
‘ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു, ഹോർമുസ് നിയന്ത്രണത്തിൽ’; ചർച്ചയ്ക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്
02/09/2026  08:14 AM IST
nila
‘ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു, ഹോർമുസ് നിയന്ത്രണത്തിൽ’; ചർച്ചയ്ക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് ഏതാണ്ട് പൂർണ നിയന്ത്രണം ലഭിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ലെന്നും നിലവിലെ സാഹചര്യമാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനുമായി സമാധാന ചർച്ചയ്ക്ക് അമേരിക്ക ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ തള്ളിയ ട്രംപ്, ഇറാൻ ഏതെങ്കിലും കരാറിൽ ഒപ്പുവയ്ക്കുമോ എന്നത് തനിക്ക് പ്രധാനമല്ലെന്നും പറഞ്ഞു.

“ഹോർമുസ് കടലിടുക്കിൽ ഏതാണ്ട് പൂർണ നിയന്ത്രണവും തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയുമുള്ള നിലവിലെ സാഹചര്യമാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. ഇറാൻ അനിവാര്യമായ പതനത്തിലേക്കാണ് നീങ്ങുന്നത്. ഇതിനെതിരെ ഇറാനിലെ ജനങ്ങൾ എപ്പോഴാണ് പ്രതികരിച്ച് പോരാടാൻ പോകുന്നത്?” എന്നാണ് ട്രംപ് കുറിച്ചത്.

ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. ഫെബ്രുവരിയിൽ ആരംഭിച്ച യുഎസ്–ഇറാൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് ലഭിച്ചുവെന്ന അവകാശവാദവുമായി ട്രംപ് നേരത്തെയും രംഗത്തെത്തിയിരുന്നു.

എന്നാൽ അമേരിക്കയുടെ അവകാശവാദം ഇറാൻ തള്ളിയിരുന്നു. ഹോർമുസ് കടലിടുക്ക് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഇറാന്റെ നിലപാട്. മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ട്രംപിന്റെ പുതിയ പ്രസ്താവന കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img