
വാഷിങ്ടൺ: അർബുദത്തെ പോരാടി തോൽപിച്ച 13കാരനെ അമേരിക്കൻ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് കോൺഗ്രസിൽ പ്രസംഗിക്കവെയാണ് അർബുദത്തെ അതിജീവിച്ച ഡി.ജെ.ഡാനിയേൽ എന്ന ആൺകുട്ടിയെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയുള്ള പ്രഖ്യാപനം ട്രംപ് നടത്തിയത്. ട്രംപിന്റെ നിർദ്ദേശമനുസരിച്ച് സീക്രട്ട് സർവീസ് ഡയറക്ടർ ഷോൺ കറൻ ഡിജെയ്ക്ക് ഓണററി അംഗത്തിനുള്ള ബാഡ്ജ് നൽകി.
‘‘2018ലാണ് ഡിജെയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്. 5 മാസം മാത്രമേ ജീവിക്കൂ എന്നാണ് അന്ന് ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ ഡിജെ അതിനെയെല്ലാം തോൽപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അവന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു ഡിജെയും അദ്ദേഹത്തിന്റെ അച്ഛനും. അതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ഡിജെ യുഎസിലെ സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കിയിരിക്കുകയാണ്’’– സംയുക്ത സെഷനെ അഭിസംബാധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ടെക്സസിലെ സാൻ അന്റോണിയോയിലാണ് ഡിജെ ജനിച്ചത്. 2018ലാണ് തലച്ചോറിലും സുഷുമ്നാ നാഡിയിലും ഡിജെയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി ഇതുവരെ ഈ പതിമൂന്നുകാരന്റെ തലച്ചോറിൽ 13 ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്.











