
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാനുളള നീക്കം തടഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതിയാണ് ട്രംപ് ഇടപെട്ട് തടഞ്ഞത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഖമനയിയെ വധിക്കാൻ അവസരമുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. ഇക്കാര്യം യുഎസിനു മുന്നിൽ ഒന്നിലേറെത്തവണ അവതരിപ്പിച്ചെങ്കിലും ട്രംപ് തള്ളിക്കളഞ്ഞു. ‘ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
യുഎസിലെ ഫോക്സ് ടിവിയുമായുള്ള അഭിമുഖത്തിൽ, ഈ റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു. ഇറാനെ ആക്രമിക്കും മുൻപ് ട്രംപിനെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.











