
വാഷിങ്ടൺ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നീക്കങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീൻലൻഡിനായുള്ള പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചു. ആർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന, ധാതുസമ്പത്ത് സമൃദ്ധമായ ദ്വീപിൽ അമേരിക്കയുടെ സ്വാധീനം ശക്തമാക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ നടപടിയെ അപലപിച്ച് ഡെന്മാർക്കും ഗ്രീൻലൻഡും രംഗത്തെത്തി.
ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിൽ നിലവിൽ അമേരിക്കയുടെ സൈനിക താവളമുണ്ട്. എന്നാൽ, ഗ്രീൻലൻഡ് വിട്ടുനൽകാൻ ഒരിക്കലും കഴിയില്ലെന്ന് ഡെൻമാർക്കും ഗ്രീൻലൻഡ് ഭരണകൂടവും തുറന്നടിച്ചു. ഗ്രീൻലൻഡ് യുഎസിന്റെ ഭാഗമാകണമെന്ന് പരസ്യമായി പിന്തുണച്ച വ്യക്തിയെ പ്രത്യേക ദൂതനായി നിയമിച്ചതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലൊക്ക റാസ്മുസൻ പറഞ്ഞു. ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക് നീൽസനും പ്രതിഷേധം ആവർത്തിച്ചു.
ഏകദേശം 57,000 പേർ താമസിക്കുന്ന ഗ്രീൻലൻഡിൽ, ഡെൻമാർക്കിൽനിന്നുള്ള സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നവരാണ് ഭൂരിഭാഗം. എന്നാൽ യുഎസിന്റെ ഭാഗമാകാനുള്ള നിർദേശത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് ഈ വർഷം ജനുവരിയിൽ നടത്തിയ അഭിപ്രായസർവേ വ്യക്തമാക്കിയിരുന്നു.











