
മറ്റു രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് അധിക തീരുവ ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുന്നു എന്നാരോപിച്ചാണ് ട്രംപ് തിരിച്ചടി ചുങ്കം ചുമത്തുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേലാണ് ട്രംപ് അധികനികുതി ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളെ ട്രംപ് തിരിച്ചടി ചുങ്കത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം അധിക നികുതി ചുമത്തിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തിയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യക്കുമേൽ 26 ശതമാനം അധികനികുതിയാണ് ചുമത്തിയിട്ടുള്ളത്. പ്രധാനമന്ത്രി മോദി തന്റെ അടുത്ത സുഹൃത്താണെന്നും അതിനാൽ ഇന്ത്യക്ക് ഡിസ്കൗണ്ടുണ്ടെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യൻ ഇറക്കുമതിക്ക് 26 ശതമാനം അധിക നികുതി ഏർപ്പെടുത്തിയപ്പോൾ ചൈനക്കെതിരെ 34 ശതമാനമാണ് നികുതി വർധന. യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം എന്നിങ്ങനെയാണ് പുതിയ ഇറക്കുമതി ചുങ്കം. അതേസമയം, കാനഡയിൽനിന്നും മെക്സിക്കോയിൽ നിന്നുമുള്ള യുഎസ്എംസിഎ ( യുണൈറ്റഡ് സ്റ്റേറ്റസ്–മെക്സിക്കോ–കാനഡ എഗ്രിമെന്റ് ) അനുസരിച്ചുള്ള ഇറക്കുമതി, തീരുവ രഹിതമായി തുടരും.











