
വാഷിങ്ടൺ: വീണ്ടും വിവാദത്തിന് വഴിവെച്ച് സാമൂഹിക മാധ്യമങ്ങളിൽ എഐ ചിത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തവണ, സ്വയം യേശുദേവനായി ചിത്രീകരിച്ച ദൃശ്യമാണ് ട്രംപ് ഷെയർ ചെയ്തത്. ‘രോഗശാന്തി നൽകുന്ന യേശു’ എന്ന രീതിയിൽ രൂപകല്പന ചെയ്ത ഈ ചിത്രത്തിൽ അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ ട്രംപ് നിൽക്കുന്നതും, ഒരു രോഗിയുടെ തലയിൽ കൈവെച്ച് ആശ്വാസം നൽകുന്നതുമായ ദൃശ്യമാണ് കാണുന്നത്. ചിത്രത്തിൽ സൈനികർ, യുദ്ധവിമാനങ്ങൾ, പരുന്ത്, ആരോഗ്യപ്രവർത്തകർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് പോപ്പ് ലിയോ പതിനാലാമനുമായി രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിന് പിന്നാലെയാണ് ട്രംപ് യേശുദേവന്റെ രൂപഭാവങ്ങളോട് കൂടിയ തന്റെ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനംചെയ്തിരുന്നു. വെടിനിർത്തൽ ചർച്ചയുടെ അന്നേ ദിവസം തന്നെയായിരുന്നു മാർപാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. എന്നാൽ, ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാർപാപ്പ സഭയുടെ കാര്യം നോക്കിയആൽ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് രൂക്ഷമായി വിമർശിച്ചു. തന്നെ നേരിടാനാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്ന് ട്രംപ് ആരോപിച്ചു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ സമാധാനത്തിനായി ഇനിയും ശബ്ദമുയർത്തുമെന്ന മറുപടിയുമായി മാർപാപ്പ രംഗത്തെത്തിയിരുന്നു.
ഇതാദ്യമായിട്ടല്ല ട്രംപ് സ്വന്തം ചിത്രം ഉപയോഗിച്ചുള്ള എഐ ചിത്രീകരണം പങ്കുവെക്കുന്നത്. നേരത്തെ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന വേളയിൽ പോപിന്റെ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്വന്തം എഐ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് പേജിലും ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കിടയാക്കുകയും ചെയ്തിരുന്നു.











