12:44pm 15 July 2026
NEWS
ലക്ഷദ്വീപിനെ ലഹരിസമുദ്രമാക്കരുത്, അതിശക്തമായ പ്രക്ഷോഭം നടത്തും: ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.സി അബ്ദുൾ ഖാദർ സഖാഫി അഗത്തി
14/07/2026  11:59 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലക്ഷദ്വീപിനെ ലഹരിസമുദ്രമാക്കരുത്, അതിശക്തമായ പ്രക്ഷോഭം നടത്തും: ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.സി അബ്ദുൾ ഖാദർ സഖാഫി അഗത്തി

 

ഒരു ജനാധിപത്യസർക്കാരിന്റെ അടിസ്ഥാനപരമായ കർത്തവ്യം എന്താണ്? പരമപ്രധാനം ആ നാടിന്റെ സുരക്ഷയാണ്. സുരക്ഷ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ സുരക്ഷിതത്വം തന്നെയാണ്. അതു വിസ്മരിക്കുന്ന ഒരു ഭരണകൂടത്തെ ജനകീയ സർക്കാർ എന്നു വിശേഷിപ്പിക്കാനാവില്ല. ജനവിരുദ്ധസർക്കാർ എന്നുതന്നെ പറയേണ്ടിവരും. കാരണം ജനങ്ങളുടെ ശാന്തവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കേണ്ട സർക്കാർ അതു ചെയ്യുന്നില്ലെങ്കിൽ അഥവാ അതിനു വിരുദ്ധമായി പ്രവർത്തിച്ച് നിലവിലുള്ള ശാന്തിയും സമാധാനവും തകർക്കാനാണു ശ്രമിക്കുന്നതെങ്കിൽ അവരെ മറ്റെന്താണു പറയുക.

ലക്ഷദ്വീപിലെ പുതിയ നയം മാറ്റത്തെക്കുറിച്ചാണു പറഞ്ഞുവരുന്നത്. കാലാകാലങ്ങളായി ശാന്തമായും സമാധാനമായും ജീവിച്ചുവരുന്ന ഒരു ജനസമൂഹത്തിന്റെ സ്വാസ്ഥ്യം തകർക്കാൻ മാത്രമേ കേന്ദ്രസർക്കാരിന്റെ ഈ നയമാറ്റം ഉപകരിക്കുകയുള്ളൂ. അരനൂറ്റാണ്ടു കാലത്തിലേറെയായി സമ്പൂർണ്ണ മദ്യനിരോധനം നിലനിന്നിരുന്ന ലക്ഷദ്വീപിനെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പിന്നിലെ ചേതോവികാരം എന്തായാലും ഒരു വലിയ സാമൂഹിക വിപത്തിനെ വിളിച്ചുവരുത്തുകയാണു കേന്ദ്രസർക്കാർ ചെയ്യുന്നത്. ലക്ഷദ്വീപിലെ മദ്യനിരോധനം എടുത്തുകളഞ്ഞു എന്നുമാത്രമല്ല സ്വാകാര്യമേഖലയിൽ പോലും മദ്യവിപണനം സാധ്യമാക്കാനാണു ശ്രമിക്കുന്നതെന്നും അറിയുന്നു. 
ഇന്ത്യയിൽത്തന്നെ ഏറെ സവിശേഷതകൾ ഉള്ള നാടാണു ലക്ഷദ്വീപ്. ഇവിടെ നായ്ക്കളില്ല. പാമ്പുകളും. അതുകൊണ്ടുതന്നെ അവയിൽ നിന്നുള്ള കടിയേറ്റുള്ള ദുരന്തങ്ങളുമില്ല. മറ്റൊന്ന് ക്രമസമാധാന പ്രശ്‌നങ്ങളാണ്. മദ്യം ഇല്ലാത്തതുകൊണ്ട് വഴക്കുകളും കേസുകളും വളരെ കുറവ്. ഇന്ത്യയിൽത്തന്നെ ക്രിമിനൽ കേസുകൾ ഏറ്റവും കുറഞ്ഞ പ്രദേശമാണു ലക്ഷദ്വീപ്. ഇങ്ങനെ പ്രകൃതിയും മനുഷ്യനും പാരസ്പര്യങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ജീവിതശാന്തിയാണ് ദുരൂഹമായ കാരണങ്ങളാൽ കേന്ദ്രസർക്കാർ ഇല്ലാതാക്കാൻ പോകുന്നത്. ടൂറിസം വികസനമാണു കാരണമായി പറയുന്നത്. അതിൽ തീരെ വിശ്വാസ്യത ഇല്ല. അങ്ങനെയാണെങ്കിൽ ടൂറിസ്റ്റുകൾ താമസിക്കുന്ന റിസോർട്ടുകളിലും ഹോട്ടലുകളിലും മാത്രം മദ്യം വിളമ്പിയാൽ മതിയല്ലോ. പൊതുസമൂഹത്തിലേക്കു കൊണ്ടുവരുന്നതെന്തിന്? മദ്യം ഹറാമാണെന്നു വിശ്വസിക്കുന്ന മുസ്ലീം ജനതയാണ് ലക്ഷദ്വീപിലെ തൊണ്ണൂറ്റിയെട്ടു ശതമാനവും. തലമുറകളായി അവർ ഇവിടെ താമസിക്കുന്നു. ചരിത്രപരമായും ഐതിഹ്യപരമായും ലക്ഷദ്വീപ് മുസ്ലീം ജനവിഭാഗങ്ങളുടെ ആവാസഭൂമിയാണ്. മദ്യം നിത്യശത്രുവായി കാണുന്ന ആ ജനതയുടെ സ്വച്ഛശാന്തമായ ജീവിതത്തിലേക്ക് എന്തിനാണു മദ്യവിപത്തുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്? പോർട്ടുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും അധിനിവേശകാലത്തുപോലും അവർ മദ്യം ഉപയോഗിക്കുമെന്നല്ലാതെ ലക്ഷദ്വീപ് ജനങ്ങളിൽ മദ്യം സാർവത്രികമാക്കിയിരുന്നില്ല. പക്ഷേ ഇന്ത്യയിലെ ജനാധിപത്യസർക്കാർ അതിനാണു തുനിയുന്നത്.

മൊത്തം 36 ദ്വീപുകൾ അടങ്ങുന്ന ദ്വീപസമൂഹമാണു ലക്ഷദ്വീപെങ്കിലും ജനവാസമുള്ളത് പത്തു ദ്വീപുകളിൽ മാത്രമാണ്. കൃത്യമായും വസ്തുനിഷ്ഠമായും എഴുതപ്പെട്ട ഒരു ചരിത്രം ലക്ഷദ്വീപിനില്ല. എങ്കിലും ലക്ഷദ്വീപിലെ ആദ്യതാമസക്കാർ കേരളത്തിൽ നിന്നുള്ള മുസ്ലീം വിഭാഗങ്ങൾ തന്നെയാണെന്നു കരുതപ്പെടുന്നു. അവസാനത്തെ ചേരരാജാവായ ചേരമാൻ പെരുമാൾ മക്കത്തുപോയി തിരിച്ചുവരാതായപ്പോൾ അദ്ദേഹത്തെ തിരക്കി പായ്ക്കപ്പലിൽ പോയവർ വലിയ അപകടത്തിൽപ്പെട്ടത്രെ. കൊടുങ്കാറ്റിലും പേമാരിയിലും കപ്പൽ തകർന്നപ്പോൾ രക്ഷപ്പെട്ടവർ ഏറെ ക്ലേശിച്ച് സമീപത്തുള്ള ജനവാസമില്ലാത്ത ദ്വീപുകളിൽ അഭയം തേടി. അവരാണത്രെ ആദ്യത്തെ ലക്ഷദ്വീപു നിവാസികൾ. മക്കയിൽ നിന്നും സ്വപ്നദർശനമുണ്ടായി ദ്വീപിൽ എത്തപ്പെട്ട വിശുദ്ധനായ ഉബൈദുള്ളയുമായി ബന്ധപ്പെട്ട ഐതിഹ്യവും പ്രചാരത്തിലുണ്ട്. എന്തായാലും ഒരു കാര്യം വ്യക്തമാണ്. നൂറ്റാണ്ടുകളായി മുസ്ലീം ജനതയുടെ ആവാസഭൂമിയാണു ലക്ഷദ്വീപ്. ശാന്തസുന്ദരമായ ഈ പ്രദേശത്ത് തികച്ചും സമാധാനപരമായിട്ടുള്ള ജീവിതമാണ് അവർ നയിച്ചുവന്നിരുന്നതും.

1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ലക്ഷദ്വീപ് മദ്രാസ് സംസ്ഥാനത്തിന്റെ (ഇന്നത്തെ തമിഴ്‌നാട്) ഭാഗമായി. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നിത് ലക്ഷദ്വീപ് ആയിരുന്നില്ല. ലക്കാഡിവ്, മിനിക്കോയ്, അമിൻഡിവി ദ്വീപുകൾ എന്നിങ്ങനെ മൂന്നായിട്ടാണു തിരിച്ചിരുന്നത്.
1953 നവംബർ ഒന്നാംതീയതി ലക്ഷദ്വീപ് എന്നു പുനർനാമകരണം ചെയ്തു. അന്നുമുതലാണ് 36 ദ്വീപുകളുടെ ഈ സമൂഹം ലക്ഷദ്വീപ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്.

എന്തായാലും ഇന്ന് ലക്ഷദ്വീപിലെ ഒരുലക്ഷത്തോളം വരുന്ന ജനങ്ങൾ ആശങ്കാകുലരാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സ്വാസ്ഥ്യവും സമാധാനവും മദ്യത്തിന്റെ വരവോടെ തങ്ങളുടെ ഭൂമിയിൽ നിന്നും എന്നന്നേക്കുമായി  അകലുമെന്ന് അവർ ഭയപ്പെടുന്നു. അതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടു നീങ്ങുകയാണ് ലക്ഷദ്വീപു നിവാസികൾ. ലക്ഷദ്വീപു ജനതയുടെ ആശങ്കകൾ പങ്കുവച്ചുകൊണ്ട് സമരനായകനും ലക്ഷദ്വീപു മുസ്ലീം ജമാ അത്ത് പ്രസിഡന്റുമായ കെ.സി. അബ്ദുൾ ഖാദർ സഖാഫി അഗത്തി 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

? ലക്ഷദ്വീപിലെ മദ്യനിരോധനം കേന്ദ്രസർക്കാർ നീക്കിയിരിക്കുകയാണല്ലോ. വ്യാപകമായ പ്രതിഷേധത്തിനും ഇതു കാരണമാക്കിയിട്ടുണ്ട്. ടൂറിസം വികസനത്തിന്റെ ഭാഗമായിട്ടാണെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുന്ന ഈ നയമാറ്റത്തെ എതിർക്കുന്നതിന്റെ കാരണമെന്താണ്.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ സ്ഥലമാണ് ലക്ഷദ്വീപ്. നൂറ്റാണ്ടുകളായി ജനങ്ങൾ ഇവിടെ ശാന്തിയോടെയും സമാധാനത്തോടെയും ജീവിച്ചുവരുകയാണ്. ഏത് അർദ്ധരാത്രിയിലും സ്ത്രീകൾക്കും കുട്ടികൾക്കുമൊക്കെ എവിടെയും ഭയമില്ലാതെ സഞ്ചരിക്കാം മതപരവും സാംസ്‌കാരികവുമായ ഉന്നത മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത് എന്നതുകൊണ്ടാണതു സാധിക്കുന്നത്. അത് ഉൾക്കൊണ്ടുകൊണ്ടാണ് മുൻ ഭരണാധികാരികൾ ഇവിടെ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നത്.

? ടൂറിസം വികസനം നാടിന്റെ മൊത്തം വികസനത്തിനു ഹേതുവാകും എന്നാണല്ലോ പറയുന്നത്. മദ്യം ടൂറിസത്തിൽ അനിവാര്യമല്ലേ.

ടൂറിസം വികസനത്തിനു ഞങ്ങൾ എതിരല്ല. ടൂറിസത്തിനു യോജിച്ച ഭൗതിക സാഹചര്യങ്ങൾ അല്ല ലക്ഷദ്വീപിലുള്ളത് എന്ന വസ്തുത മാറ്റിനിർത്തിക്കൊണ്ടുതന്നെ ഞങ്ങൾ സർക്കാരിന്റെ ടൂറിസം നയത്തോടു യോജിക്കുകയാണ്. ടൂറിസം വികസനത്തിനു മദ്യം അനിവാര്യമാണെങ്കിൽ അതും ആയിക്കോട്ടെ. അതു ടൂറിസ്റ്റ് മേഖലയിൽ മാത്രമായി പരിമിതപ്പെടുത്തിക്കൂടെ? ബംഗാരം പോലുള്ള ടൂറിസത്തിനു മാത്രമുള്ള ദ്വീപുകളിൽ മുൻപും മദ്യം  ലഭ്യമാക്കിയിരുന്നു. അതിനെ ഞങ്ങൾ എതിർക്കുന്നില്ലല്ലോ? ടൂറിസത്തിന്റെ പേരു പറഞ്ഞ്  ജനവാസമേഖലയിലേക്കു മദ്യവില്പന വ്യാപിപ്പിക്കാനുള്ള തീരുമാനത്തെയാണ് ഞങ്ങൾ എതിർക്കുന്നത്.

? ഈ നിയമം നടപ്പിലാക്കും മുമ്പ് ജനഹിതം തിരിച്ചറിയാൻ ഒരു ശ്രമവും കേന്ദ്രസർക്കാർ നടത്തിയില്ലേ.

ഇല്ല എന്നുമാത്രമല്ല ഞങ്ങളുടെ എംപിയുമായി പോലും കൂടിയാലോചിച്ചിട്ടില്ല. നോക്കൂ, ലക്ഷദ്വീപിലെ ജനങ്ങൾ അനുഭവിക്കുന്ന സമാധാനത്തിന്റെ ഏറ്റവും പ്രധാനം കാരണം തന്നെ മദ്യലഭ്യതയില്ലാത്തതാണ്. അതിനു സാമ്പത്തികമായും സാംസ്‌കാരികമായുമുള്ള മാനങ്ങളുണ്ട്.
ഇന്നു കേരളത്തിൽ ഉൾപ്പെടെ നിത്യേന എത്ര ഗാർഹിക പീഡനങ്ങളുടെ കഥയാണു കേൾക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തെയും മനഃശാന്തിയെയുമാണ് ഗാർഹിക പീഡനം തകർക്കുന്നത്. ഈ ഗാർഹിക പീഡനത്തിലെ പ്രധാന വില്ലൻ മദ്യമാണെന്നും നമുക്കറിയാം. മാത്രമല്ല മദ്യപിക്കുന്നവർ ഉണ്ടാക്കുന്ന ക്രമസമാധാനപ്രശ്‌നങ്ങളും ചെറുതല്ല. ദ്വീപിന്റെ മൊത്തം സുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണിത്.

? മദ്യം ഇന്നു സാമൂഹിക കൂട്ടായ്മയിൽ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ടല്ലോ. ടൂറിസത്തിന്റെ പേരിൽ ആയാലും അല്ലെങ്കിലും കാലത്തിന്റെ മാറ്റമായി ഈ നയം മാറ്റത്തെയും കാണാൻ കഴിയില്ലേ.

ഒരിക്കലുമില്ല. കാരണം ലക്ഷദ്വീപു ജനത നിലവിൽ മദ്യാസക്തരല്ല. മദ്യം സാമൂഹിക ജീവിതത്തിൽ അനിവാര്യമാണെന്നു ഞങ്ങൾ കരുതുന്നുമില്ല. നൂറ്റാണ്ടുകളായി തലമുറകളായി ഞങ്ങൾ അനുവർത്തിച്ചു വരുന്ന ശീലവും ജീവിതചര്യയുമുണ്ട്. അതിലൊന്നും മദ്യത്തിനു സ്ഥാനമില്ല. ഞങ്ങളുടെ ഒരു കൂട്ടായ്മയിലും ആഘോഷത്തിലും മദ്യം വിളമ്പാറുമില്ല. ആർക്കും അങ്ങനെയൊരു ചിന്തപോലും നിലവിലില്ല. എന്നാൽ പത്തു ദ്വീപുകളിൽ മാത്രം ജനവാസമുള്ള ഈ ചെറിയ മേഖലയിൽ വ്യാപകമായ രീതിയിൽ മദ്യവിപണനം തുടർന്നാൽ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു ഞങ്ങൾ ഭയപ്പെടുന്നു. ഞങ്ങളുടെ അനന്തര തലമുറയുടെ ഭാവിയാണ് ഞങ്ങളെ കൂടുതലായി ആശങ്കപ്പെടുത്തുന്നത്. ചെറിയ മാറ്റങ്ങളിലൂടെയാണ് വലിയ ശീലങ്ങൾ ഉടലെടുക്കുന്നത്. ഇന്നോളം മദ്യത്തെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്യാത്ത ഞങ്ങളുടെ തലമുറ ഒരുപക്ഷേ മദ്യപ്രലോഭനത്തെ അതിജീവിച്ചെന്നുവരാം. എന്നാൽ അനന്തര തലമുറയുടെ കാര്യം അങ്ങനെയല്ല. ധാരാളമാകുന്ന മദ്യലഭ്യത അവരുടെ ശീലങ്ങളെത്തന്നെ മാറ്റിമറിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ ഞങ്ങൾ തലമുറകളായി പിന്തുടർന്ന ശീലങ്ങളെയും സംസ്‌കാരത്തെയും അതു ദോഷമായി ബാധിച്ചേക്കാം. ഇതു കേവലമൊരു നയം മാറ്റം മാത്രമല്ല, ലക്ഷദ്വീപു ജനതയുടെ തനതു സംസ്‌കാരത്തിലേക്കും ജീവിതരീതിയിലേക്കുമുള്ള കടന്നു കയറ്റമാണ്. ജനങ്ങളുടെ ആവശ്യമാണ് സർക്കാർ നയം മാറ്റത്തിലൂടെ നടത്തിക്കൊടുക്കേണ്ടത്. ഇവിടെ ഈ ദ്വീപിലെ ഒരാൾ പോലും മദ്യലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നില്ല. ഇവിടെ ആവശ്യം സർക്കാരിന്റേതാണ്. ലക്ഷദ്വീപിൽ മദ്യമൊഴുക്കണമെന്ന് അവരാണ് ആഗ്രഹിക്കുന്നത്. അല്ലാതെ ലക്ഷദ്വീപു ജനതയല്ല.

? നിലവിൽ സർക്കാർ നിയന്ത്രണത്തിലായിരിക്കും മദ്യത്തിന്റെ ഉല്പാദനവും വിപണനവും എന്നാണല്ലോ ഉത്തരവിലുള്ളത്. വില്പനയും കൈവശം വയ്ക്കലുമെല്ലാം സർക്കാർ നിയന്ത്രണത്തിലാകുമ്പോൾ അത്രമേൽ ആശങ്കപ്പെടേണ്ടതുണ്ടോ.

തീർച്ചയായും ഉണ്ട്. ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത് സർക്കാർ നിയന്ത്രണത്തിലാണെന്നാണു പറയുന്നത്. പക്ഷേ ആ നയം എപ്പോഴാണു മാറ്റാൻ പറ്റാത്തത്. മദ്യനിരോധന നിയമം ഇല്ലാതായി എന്നതാണ് ഇവിടുത്തെ പ്രശ്‌നം. അതുകൊണ്ടുതന്നെ ഒരു സർക്കാർ ഉത്തരവിലൂടെ ഇതു സ്വകാര്യവത്ക്കരിക്കുകയുമാവാം. തീർച്ചയായും ഭാവിയിൽ അതു സംഭവിക്കാനും സാധ്യതയുണ്ട്. എല്ലാം സ്വകാര്യവത്ക്കരിക്കുക എന്നതാണല്ലോ സർക്കാർ നയം. മദ്യത്തിന്റെ കാര്യത്തിലും അതു സംഭവിച്ചേക്കും. ആരു വിൽക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം എന്തു വില്ക്കുന്നു എന്നതാണ്.

? ഇപ്പോൾ ഒറ്റപ്പെട്ട പ്രതിഷേധങ്ങളും സമരപരിപാടികളുമാണല്ലോ കണ്ടുവരുന്നത്. സാമൂഹിക ചലനം സൃഷ്ടിക്കുന്ന ഒരു വലിയ സമരമായി ഇതുമാറുമോ.

എന്താ സംശയം. ഇപ്പോഴത്തെ സമരം ഒരു തുടക്കം മാത്രമാണ്. ലക്ഷദ്വീപിലെ മദ്യനയം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്ക് ധർണ്ണ നടത്തുകയുണ്ടായി. ലക്ഷദ്വീപിലെ ജനങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കുന്ന നിവേദനം കേരള മുസ്ലീം ജമാഅത്തിന്റെയും എസ്.വൈ.എസ്സിന്റെയും സംസ്ഥാന ഉപാധ്യക്ഷന്മാരായ  വി.എച്ച്.അലിഭാരിമി, അബ്ദുൾ ജലീൽ സഖാഫി കടലുണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്ക് നൽകുകയുണ്ടായി. തീർച്ചയായും അനുകൂലമായ നീക്കം ഉണ്ടാകുമെന്നു തന്നെയാണു ഞങ്ങൾ വിശ്വസിക്കുന്നത്. അല്ലാത്തപക്ഷം പ്രതിഷേധം കൂടുതൽ ശക്തവും വ്യാപകവുമാക്കും. ലക്ഷദ്വീപിലെങ്ങും ഇപ്പോൾത്തന്നെ പ്രതിഷേധം അലയടിക്കുകയാണ്. ശാന്തസുന്ദരമായ  ഒരു ദ്വീപസമൂഹത്തിൽ ആശങ്കകളില്ലാതെ സമാധാനത്തോടെ ജീവിക്കുന്ന ഒരു ജനതയുടെ മേൽ മദ്യരൂപത്തിൽ വരുന്ന ഈ മഹാവിപത്തിനെ എന്തുവിലകൊടുത്തും ഞങ്ങൾ ചെറുക്കുക തന്നെ ചെയ്യും. ലക്ഷദ്വീപിലെ ശാന്തിയും സമാധാനവും നിലനിർത്തുക എന്നതാണു പ്രധാനം. കേന്ദ്രസർക്കാർ ഞങ്ങളുടെ വികാരം ഉൾക്കൊള്ളും എന്നുതന്നെയാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img