06:22pm 13 September 2026
NEWS
സ്വന്തം പാർട്ടി നേതാക്കളെ പരിഹസിക്കരുത്; സർക്കസ് കൂടാരങ്ങളിലെ കോമാളിവേഷങ്ങളായി അണികൾ നേതാക്കളെ കാണും.
14/03/2026  06:27 AM IST
അഡ്വ. എം. മനോഹരൻപിള്ള
സ്വന്തം പാർട്ടി നേതാക്കളെ പരിഹസിക്കരുത്; സർക്കസ് കൂടാരങ്ങളിലെ കോമാളിവേഷങ്ങളായി അണികൾ നേതാക്കളെ കാണും.സ്വന്തം പാർട്ടി നേതാക്കളെ പരിഹസിക്കരുത്; സർക്കസ് കൂടാരങ്ങളിലെ കോമാളിവേഷങ്ങളായി അണികൾ നേതാക്കളെ കാണും.
കമ്മ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും സ്വന്തം പാർട്ടിയിലെ നേതാക്കളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഒരു വൃത്തികെട്ട കീഴ്‌വഴക്കമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അത് ഏറ്റവും കൂടുതൽ കാണുന്നത് സി.പി.എംൽ ആണ്. സി.പി.എമ്മിൽ അത്തരം പരിഹാസങ്ങൾ വർദ്ധിച്ചത് വി.എസ്- പിണറായി ഗ്രൂപ്പുപോരിന്റെ കാലത്താണ്. ദൃശ്യമാധ്യമങ്ങൾ ശക്തിപ്പെട്ടതോടെ അത്തരം പരിഹാസങ്ങളുടെയും വിമർശനങ്ങളുടെയും ബാഹുല്യം ഉണ്ടായത്.
 
കോൺഗ്രസ്സിലാണെങ്കിൽ കുറെ എരപ്പാളി യുവജന നേതാക്കൾ സർവ്വാദരണീയനായ ലീഡർ കെ. കരുണാകരനെ വരെ തന്തയ്ക്ക് വിളിച്ചു. ഏറ്റവും അവസാനം ചീത്ത വിളികേട്ടത് മണിശങ്കരയ്യർ എന്ന മുൻ കേന്ദ്രമന്ത്രിയാണ്. ഭാഗ്യവും തലേലെഴുത്തുമാണ് പലരേയും പദവികളിലെത്തിക്കുന്നത്. രമേശ് ചെന്നിത്തലയോടൊപ്പം, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന മമതാ ബാനർജി പത്തുകൊല്ലമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയാണ്. അതേസമയം കേരളത്തിൽ മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി രമേശ് തട്ടിക്കളി നടത്തുന്നു. മമത യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്നപ്പോൾ കേരളത്തിൽ പന്തളം സുധാകരൻ പ്രസിഡന്റായിരുന്നു. ഇപ്പോൾ നിയമസഭാ സീറ്റിനുവേണ്ടി വി.ഡി. സതീശനോടും കനഗോലുവിനോടും ചക്കളത്തിപ്പോരാട്ടം നടത്തുന്നു.
 
എസ്.എഫ്.ഐയുടെ ഒന്നാമത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു സി. ഭാസ്‌ക്കരൻ. അദ്ദേഹം ജീവിതാവസാനംവരെ 'ചിന്ത'യിലെ എഴുത്തുകാരനായിരുന്നു. ശമ്പളക്കാരൻ മാത്രം. അക്കാലത്ത് എസ്.എഫ്.ഐ ജനറൽ സെക്രട്ടറിയായിരുന്നു ബിമൻ ബാസു. അദ്ദേഹം സംസ്ഥാന സെക്രട്ടറി, പി.ബി മെമ്പർ എന്നീ നിലകളിലെത്തി. പ്രമോദ്ദാസ് ഗുപ്തയ്ക്കുപകരം എൽ.ഡി.എഫ് കൺവീനറായപ്പോൾ ജ്യോതിബാസുവിനോടും ബുദ്ധദേവ ഭട്ടാചാര്യയോടും കാബിനറ്റിലെ നോട്ട്ഫയലുകൾ പാർട്ടി ഓഫീസിൽ കൊണ്ടുവരണമെന്നാവശ്യപ്പെടുംവരെ ബിമൻ ബാസു ഉയർന്നുപൊങ്ങി.
 
ഇനി കണ്ണൂരിൽ തുടങ്ങാം സീനിയോറിറ്റിത്തർക്കം
 
ആദരണീയനും വയോധികനുമായിരുന്ന എ.വി. കുഞ്ഞമ്പുവിൽ തുടങ്ങാം. ആ എ.വിയെ തോൽപ്പിച്ചണ് എം.വി. രാഘവൻ പാർട്ടി ജില്ലാ കമ്മിറ്റി പിടിച്ചത്. പിന്നീടാണ് പി.വി. കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും ഒക്കെ പാർട്ടി സെക്രട്ടേറിയറ്റിൽ എത്തിയത്. സി.എച്ച്. കണാരനും അഴീക്കോടൻ രാഘവനും മരണപ്പെട്ടശേഷമാണ് ഇ.കെ. നായനാർ സംസ്ഥാന സെക്രട്ടറിയാകുന്നത്. പാർട്ടിയിൽ പുതുയുഗം ആരംഭിച്ചു.
എം.വി. രാഘവൻ പാർട്ടിയിൽ നിന്ന് പുറത്തുപോയശേഷവും അതിനുമുമ്പുള്ള പാട്യം ഗോപാലന്റെ മരണവും പിണറായി വിജയനെ കണ്ണൂരിലെ ഒന്നാം  നമ്പർ നേതാവാക്കി. കോടിയേരി ബാലകൃഷ്ണന്റേയും ഇ.പി. ജയരാജന്റേയും പി.കെ. ശ്രീമതിയുടെയും പുതുതലമുറ നിലവിൽ വന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് സി. കണ്ണൻ, സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറിവരെയായ ഒ. ഭരതൻ എന്നിവരുടെ വേർപാടും കണ്ണൂരിലെ പാർട്ടിയിൽ വിടവുകൾ സൃഷ്ടിച്ചു.  എം.വി.ആറിനൊപ്പം ആദ്യം ചാടിയവരിൽ ഒരാളായിരുന്നു എം.വി. ഗോവിന്ദൻ മാസ്റ്റർ. 1990 ൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഭാരവാഹിയായതോടെയാണ് ഗോവിന്ദൻ മാസ്റ്ററെ സംസ്ഥാനം ശ്രദ്ധിച്ചുതുടങ്ങിയത്. കോടിയേരിയുടെ മരണശേഷമാണ് ഗോവിന്ദൻമാസ്റ്ററുടെ സെക്രട്ടറി സ്ഥാനവും പി.ബി അംഗത്വവും ഉറച്ചത്.
 
മലപ്പുറത്ത് പുത്തൻ കൂറ്റുകാർ
 
ഇ.കെ. ഇമ്പിച്ചിബാവയും പാലൊളി മുഹമ്മദുകുട്ടിയുമായിരുന്നു മലപ്പുറത്തെ പ്രമുഖ നേതാക്കൾ. കർഷകസംഘം രംഗത്ത് ട്രഷററായിരുന്ന പാലൊളി മുഖ്യധാരയിലേക്ക് കടന്നത് ഇമ്പിച്ചിബാവയുടെ മരണശേഷമാണ്.
ഞങ്ങളൊക്കെ എസ്.എഫ്.ഐയിലുള്ള കാലത്ത് കേട്ടിട്ടുള്ള ഒരു സംസ്ഥാന പ്രസിഡന്റിന്റെ പേരുണ്ട്.  ദേവദാസ് പൊറ്റക്കാട്. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല.
 
കോടിയേരിയെ സെക്രട്ടറിയായും ജി. സുധാകരനെ പ്രസിഡന്റായും തെരഞ്ഞെടുത്തുകൊണ്ടാണ് കൊല്ലം സമ്മേളനം പിരിഞ്ഞത്.
1982 ലെ തെരഞ്ഞെടുപ്പു കാലത്ത് നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായിട്ടായിരുന്നു ടി.കെ. ഹംസയുടെ വരവ്. കോൺഗ്രസ് ഐയുടെ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം. 80 ലെ നായനാർ സർക്കാരിനെ മറിച്ചിടുന്നതിന് ലീഡർ നൽകിയ അച്ചാരമായിരുന്നു ആര്യാടന് കൊടുത്ത സീറ്റ്. കുഞ്ഞാലി സഖാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായിരുന്ന ആര്യാടനെ സംരക്ഷിച്ചതിന്റെ പേരിൽ പാർട്ടിയിൽ പ്രതിക്കൂട്ടിലായ എം.വി.ആറും പി.വിയും ഒരുക്കിയ പ്രതികാരക്കെണിയായിരുന്നു ടി.കെ. ഹംസയുടെ സ്ഥാനാർത്ഥിത്വം. ആര്യാടൻ തോറ്റു. ടി.കെ. ഹംസ ജയിച്ചു. 87 ൽ പൊതുമരാമത്ത് മന്ത്രിയായി. ആര്യാടന്റെ വക്കീലായിരുന്ന എം.പി. ഗംഗാധരന് കോൺഗ്രസ്സ് പൊന്നാനി സീറ്റ് കൊടുത്തുജയിച്ചു.
 
പ്രായമാകുന്നത് ഒരു കുറ്റമാണോ?
 
ലോകത്തിൽ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഇല്ലാത്ത വ്യവസ്ഥയാണ് പ്രായപരിധി. പിന്നെ അതിൽ ഇളവ് എന്ന കുറുക്കുവഴി. ആരോഗ്യം ആയിരിക്കണം പ്രധാന മാനദണ്ഡം. കാര്യക്ഷമത, ബുദ്ധിയുടെയും മനസ്സിന്റെയും പ്രവർത്തനക്ഷമത എന്നിവയായിരിക്കണം പ്രധാന മാനദണ്ഡം. വ്യക്തിപരമായി ഇളവ് നൽകൽ ഒരുതരം ഏകാധിപത്യമാണ്. അത് വളർന്നു കാലക്രമത്തിൽ ഫാസിസ്റ്റ് പ്രവണതകളിലേക്ക് കടക്കാം. പാർട്ടി അച്ചടക്കം ഒരിക്കലും അടിമത്തമോ കീഴ്‌പ്പെടുത്തലോ ആയി വ്യാഖ്യാനിക്കരുത്.
 
സി.പി.ഐ നാട്ടിലേക്ക് യാത്ര അയച്ച പന്ന്യൻ രവീന്ദ്രനെ എന്തിനാണ് തിരിച്ചുവിളിച്ച് ലോക്‌സഭാ സ്ഥാനാർത്ഥിയാക്കിയത്. പിബി സ്ഥാനം ഒഴിഞ്ഞ് ദൽഹി വിട്ട് തിരുവനന്തപുരത്തും, ആലപ്പുഴയിലും വിശ്രമിച്ചിരുന്ന എസ്. രാമചന്ദ്രൻ പിള്ളയെ വിളിച്ച് പാർട്ടി ക്ലാസ് എടുപ്പിക്കുന്നു. പാർട്ടി സെന്ററിന്റെ ചാർജ്ജ് കൊടുക്കുന്നു. ഓരോ മഹത്‌വ്യക്തികളുടെയും പ്രായത്തേക്കാൾ അനിവാര്യതയും സ്വീകാര്യതയും പ്രധാന ഘടകമാകുന്നു എന്നതാണ് പ്രധാനം.
 
പിണറായി വിജയന് ഇപ്പോൾ 83 വയസ്സ് പ്രായമുണ്ട്. 10 വർഷമായി മുഖ്യമന്ത്രിപദം വഹിക്കുന്നു. അദ്ദേഹത്തിനുള്ള അനുകൂലഘടകങ്ങൾ 75 വയസ്സ് എന്ന നിബന്ധനയെ നിഷ്പ്രഭമാക്കുന്നു. മൂന്നാം തവണക്കും പാർട്ടിക്ക് അദ്ദേഹം അനിവാര്യനാണ്. ഒപ്പം തുടരാൻ അദ്ദേഹം പ്രകടിപ്പിക്കുന്ന സന്നദ്ധതയും. പിണറായിക്ക് ഒരു പകരക്കാരനെ കണ്ടെത്തുന്നതിൽ പാർട്ടി ദേശീയ തലത്തിൽതന്നെ പരാജയപ്പെട്ടിരിക്കുന്നു. സി.പി.എമ്മിന്റെ ഇൻഡ്യയിലെ അവശേഷിക്കുന്ന  അടിത്തറ കേരളം മാത്രമാണ്. അത് താങ്ങിനിർത്തുന്ന വ്യക്തി എന്ന നിലയിലാണ് പാർട്ടി അദ്ദേഹത്തിൽ കാണുന്ന അനിവാര്യത. 2026 ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അംഗീകരിക്കുന്ന ഭാവി എന്തെന്നു നോക്കാം എന്നതുമാത്രമാണ് പാർട്ടിയുടെ മുമ്പിലുള്ള ഏകസമാധാനം.
 
പാലക്കാട് അരഡസൻ കൃഷ്ണന്മാർ എം.എൽ.എമാർ താവളമടിച്ചിരുന്ന നാടായിരുന്നു. അക്കാലത്തെ പാലക്കാട്ടെ ഏക ചെറുപ്പക്കാരനായിരുന്നു പി. ബാലൻ. ഇപ്പോൾ ബാലനെയും പാർട്ടി വയസ്സനാക്കി.
ഇടുക്കിയിൽ എം. ജിനദേവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ കെ.കെ. ജയചന്ദ്രൻ നെടുമ്പൻചോലയിൽ മത്സരിച്ച് എം.എൽ.എ ആയിരുന്നു. അത് 90 കളിലായിരുന്നു. കൊല്ലം 35 കഴിഞ്ഞു മണിയാശാൻ ഒരു ജനകീയനാണ്. ജിനദേവൻ സഖാവ് എം.എൽ.എ ആയിരിക്കുമ്പോൾ എം.എൽ.എ ക്വാർട്ടേഴ്‌സിൽ കിടക്കാൻ വരുന്ന മണി ആശാന് ഒരു തലയണയും ഷീറ്റും മാത്രം കൊടുത്താൽ മതി. ആ മണി ആശാൻ പിന്നെ മന്ത്രിയായി. ഇപ്പോഴും ഇടുക്കിക്കാർക്ക് ഒരു പകരക്കാരനില്ല സ്ഥാനാർത്ഥി ഉടുമ്പൻചോലയിൽ മത്സരിപ്പിക്കാൻ.
 
തിരുവനന്തപുരത്ത് 75-ാം വയസ്സിൽ ഒഴിഞ്ഞ ഒരാൾ ആനത്തലവട്ടം ആനന്ദനായിരുന്നു. അദ്ദേഹം മരിക്കുകയും ചെയ്തു. എം. വിജയകുമാറും ആ ലിസ്റ്റിലുണ്ട്. അവസാനം പുറത്തായത് ആനാവൂർ നാഗപ്പനാണ്. പാർട്ടിയുടെ ഉന്നത കമ്മിറ്റിയായ സെക്രട്ടേറിയേറ്റിൽ ഒരു  ടേം ഇരുത്തിയിട്ടായിരുന്നു ആനാവൂരിന്റെ കൊടിയിറക്കം. അടുത്ത ഊഴക്കാരൻ 72 പൂർത്തിയാക്കുന്ന കടകംപള്ളി സുരേന്ദ്രനാണ്. കഴക്കൂട്ടത്ത് കടകം പള്ളിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ പാർട്ടിക്ക് ആകാത്തത് കടകംപള്ളിക്കാശ്വാസം. കടകംപള്ളിക്ക് ഒരു പകരക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടെത്തിയ മുഖമാണ് പി.എസ്. പ്രശാന്ത്. മേയർ ബ്രോ ആയി. പിന്നെ വട്ടിയൂർക്കാവിൽ നിലയുറപ്പിച്ചിരിക്കുകയാണ് പ്രശാന്ത്.
 
വട്ടിയൂർക്കാവായാലും പഴയ തിരുവനന്തപുരം നോർത്തായാലും രണ്ടും പൊള്ളുന്ന മണ്ണാണ്. അധികം കാലം ആരെയും തുണക്കില്ല. എന്റെ ഓർമ്മയിൽ കെ. അനിരുദ്ധനിൽ തുടങ്ങാം. ജി. കാർത്തികേയൻ, എം.വിജയകുമാർ, അഡ്വ. മോഹൻകുമാർ തുടങ്ങി പ്രശാന്തിൽ എത്തിനിൽക്കുന്നു. പണ്ട് എൻ.ഡി.പി സ്ഥാനാർത്ഥി വട്ടിയൂർക്കാവ് രവിയെ ജയിപ്പിച്ച മണ്ണിൽ ബി.ജെ.പി കാലുറപ്പിച്ചിരിക്കുന്നു. 2026 നുവേണ്ടി കാത്തിരിക്കാം. പ്രശാന്തിന് കഴക്കൂട്ടത്തേയ്ക്ക് മടങ്ങേണ്ടി വരുമോ എന്ന് കാലവും ഫലവും നിശ്ചയിക്കട്ടെ.
 
ജി. സുധാകരനോട് എന്നും അവഗണന
 
കൊല്ലം സമ്മേളനത്തിൽ 1969 കാലത്ത് എസ്.എഫ്.ഐ മുമ്പുള്ള കെ.എസ്.എഫ് ഭാരവാഹിയാകുമ്പോഴും കൊല്ലത്തെ സി.പി.എംന്റെ പി.കെ. ഗുരുദാസൻ ജില്ലാ സെക്രട്ടറിയാകുന്ന കമ്മറ്റിയിൽ തെരഞ്ഞെടുപ്പിലൂടെ ജില്ലാകമ്മിറ്റി അംഗമായ ആളാണ് ജി. സുധാകരൻ. അടിയന്തിരാവസ്ഥയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചവരെ മർദ്ദിച്ചപ്പോൾ അദ്ദേഹത്തിനും ഭീകരമായ പോലീസ് മൽദ്ദനമേറ്റു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായി ആലപ്പുഴയിൽ എത്തിയ ജി. സുധാകരൻ 1980 ൽ കുട്ടനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി. വിവാഹമണ്ഡപത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പുരംഗത്തേക്കിറങ്ങിയത്.
1976 വരെ എസ്.എഫ്.ഐ യെ നയിച്ച ജി. സുധാകരനെക്കാൾ ജൂനിയറായ കേരളത്തിൽ നിന്നുള്ള എം.എ. ബേബി പി.ബി അംഗമായി. പ്രകാശ് കാരാട്ട് സുധാകരനൊപ്പം എസ്.എഫ്.ഐ അഖിലേന്ത്യാ ഭാരവാഹിയായിരുന്നു. അദ്ദേഹവും അഖിലേന്ത്യാ പാർട്ടി സെക്രട്ടറിയായി.
കേരളത്തിൽ അദ്ദേഹത്തിന്റെ ജൂനിയേഴ്‌സായിരുന്ന കോടിയേരിക്കും എം.എ. ബേബിക്കും എ.കെ. ബാലനും തോമസ് ഐസക്കിനും പാർട്ടിയിലും മന്ത്രിസഭകളിലും ഉയർന്ന പദവികളും പരിഗണനകളും ലഭിച്ചു. പി.ഡബ്ല്യു.ഡി വകുപ്പ് എങ്കിലും ലഭിച്ചത് ആദ്യത്തെ പിണറായി മന്ത്രിസഭയിലാണ്.
2021 ൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോൾ, ഭരണപരിഷ്‌ക്കാരകമ്മിഷൻ ചെയർമാനായി ജി. സുധാകരനെ നിയമിച്ചിരുന്നെങ്കിൽ, രണ്ടാം പിണറായി സർക്കാരിന്റെ മതിപ്പ് വർദ്ധിച്ചേനെ.
ജി. സുധാകരൻ ആലപ്പുഴ ജില്ലയിൽ ഒതുക്കിക്കിടത്തേണ്ട ഒരു നേതാവല്ല. പാർട്ടിയുടെ പി.ബിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും സെൻട്രൽ കമ്മറ്റിയിലും ഇരിക്കുന്ന പലരേക്കാളും കിടപിടിക്കാവുന്ന പാരമ്പര്യവും പാണ്ഡിത്യവും ഇംഗ്ലീഷ് പരിജ്ഞാനവുമുള്ള ഒരു നേതാവിനെയാണ് പാർട്ടി ഇപ്പോൾ അവഗണിക്കുന്നത്.
 
ഇ.എം.എസിന്റെ കാലത്ത് പാർട്ടി കോൺഗ്രസ്സിലും മറ്റും ഇംഗ്ലീഷിൽ ചർച്ചയിൽ പങ്കെടുക്കാനും മറ്റും അദ്ദേഹം നിർദ്ദേശിക്കാറുള്ള പേര് ജി.സുധാകരന്റേതാണ്. ജി.സുധാകരൻ ഒരു പരിഹാസ കഥാപാത്രമായി ചിത്രീകരിക്കപ്പെടേണ്ട ആളാണോ എന്ന് ചിന്തിക്കേണ്ടത് പാർട്ടിയിൽ പദവികൾ അലങ്കരിച്ചു നടക്കുന്ന നേതാക്കളാണ്. അവരാണ് അണികളെ പഠിപ്പിക്കേണ്ടത്. അവരെ കണ്ടും കേട്ടുമാണ് അണികൾ പഠിക്കേണ്ടത്. അല്ലെങ്കിൽ അത് മലർന്നുകിടന്നുള്ള തുപ്പലാകും. സർക്കസ് കൂടാരങ്ങളിലെ കോമാളിവേഷങ്ങളായി അണികൾ നേതാക്കളെ കാണും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img