
ചങ്ങനാശേരി: എൻ.എസ്.എസിനെ രാഷ്ട്രീയവൽക്കരിക്കാനുള്ള കമ്യൂണിസ്റ്റ്, കോൺഗ്രസ്, ബി.ജെ.പി ശ്രമങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തന്റെ മാറിൽ നൃത്തമാടുന്നതുപോലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് അദ്ദേഹം തുറന്നടിച്ചു. ചങ്ങനാശേരി യൂണിയൻ സംഘടിപ്പിച്ച വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരദൂരത്തിൽ കഴിയുന്ന എൻ.എസ്.എസിനെ രാഷ്ട്രീയത്തിന്റെ ചേരിയിലേക്ക് മാറ്റാൻ ശ്രമിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 112 വർഷത്തെ പാരമ്പര്യമുള്ള എൻ.എസ്.എസ് ശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് വളർന്നത്. മാന്യമായി പ്രവർത്തിക്കുന്ന സംഘടനയെ ലാഭേച്ഛ കണ്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ നടക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
എൻ.എസ്.എസിന് കമ്യൂണിസ്റ്റുകൾ നിഷിദ്ധമല്ല. നല്ലതിനെ അംഗീകരിക്കും. രാഷ്ട്രീയമായി സമദൂരത്തിലാണെങ്കിലും സമദൂരത്തിൽ ശരിദൂരം കണ്ടെത്തിയത് രാഷ്ട്രീയം നോക്കിയല്ല എന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യ മാധ്യമങ്ങൾക്കെതിരെയും വിമർശനം
വിഷയം വഷളാക്കിയത് ദൃശ്യമാധ്യമങ്ങളാണെന്ന് സുകുമാരൻ നായർ വിമർശിച്ചു. തനിക്കെതിരെ ഫ്ളക്സ് ബോർഡ് പൊങ്ങിയെന്ന പ്രചാരണം നടന്നു. മാധ്യമങ്ങളുടെ നീക്കം കാണുമ്പോൾ ഇതിന്റെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തെ വ്യക്തിഹത്യ ചെയ്താൽ എൻ.എസ്.എസിനെ തകർക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല നിലപാട്
ശബരിമല വിഷയത്തിൽ എൻ.എസ്.എസ് നിലപാട് ആവർത്തിച്ചു. ശബരിമലയിൽ വികസനം വേണം എന്ന മന്ത്രി വി.എൻ. വാസവന്റെ അഭിപ്രായത്തോട് പ്രതികരിക്കവെ, വിശ്വാസവും ആചാരവും അനുഷ്ഠാനവും നിലനിറുത്തണം എന്ന നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചത്. സർക്കാർ അതിനാണ് ശ്രമിക്കുന്നത് എന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം എൻ.എസ്.എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട് എന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പ്രസിഡന്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.











